രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുന്നു; മുന്നറിയിപ്പുമായി കേന്ദ്രം

രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം. ഏഴ് സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാര്‍ക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കത്തെഴുതി. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10% കടന്ന ഡല്‍ഹി, കേരളം, കര്‍ണാടക, മഹാരാഷ്ട്ര, ഒഡീഷ, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ്. അതേസമയം, കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 19,406 പുതിയ കോവിഡ് കേസുകളും 49 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 98.50 ശതമാനമാണ് രോഗമുക്തി നിരക്ക്.

രാജ്യത്തെ കോവിഡ് വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പിന്തുടണമെന്നും രാജേഷ് ഭൂഷണ്‍ നിര്‍ദ്ദേശിച്ചു. വിവിധ ആഘോഷങ്ങളും വലിയ ഒത്തുചേരലുകള്‍ക്കും സാക്ഷിയാകുന്ന വരും മാസങ്ങളില്‍ രോഗവ്യാപനത്തിന് സാധ്യതയുണ്ട്. ഇത് മൂലം രോഗികളുടെ എണ്ണത്തിലും മരണത്തിലും വര്‍ധനയുണ്ടാകാമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.96 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.63 ശതമാനവുമാണ്. രോഗമുക്തി നേടിയവരുടെ എണ്ണം 4,34,65,552 ആയി ഉയര്‍ന്നപ്പോള്‍ മരണനിരക്ക് 1.19 ശതമാനം ആണ് രേഖപ്പെടുത്തിയത്.

Top