കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; 24 മണിക്കൂറിനിടെ 6,535 പുതിയ കേസുകള്‍

ന്യൂഡല്‍ഹി:രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ത്യയിലെ പുതിയ കോവിഡ് കേസുകളുടെ എണ്ണം ആറായിരത്തിന് മുകളിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 6,535 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,45,380 ആയി. ഇവരില്‍ 80,722 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

4167 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 146 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് മരണപ്പട്ടത്.

കോവിഡ് വ്യാപനം രാജ്യത്ത് ആശങ്കാജനകമായി ഉയരുകയാണ്. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും ഡല്‍ഹിയിലുമാണ് രോഗവ്യാപനം ഏറ്റവും ശക്തം. 11 ശതമാനം വര്‍ധനവാണ് ഈ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഉണ്ടായിട്ടുള്ളത്. ചികിത്സയിലുള്ളവരില്‍ ഏതാണ്ട് പകുതിയും മഹാരാഷ്ട്രയിലാണ്.

രാജ്യത്ത് 70,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 15 ദിവസത്തിനുള്ളിലാണ്. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും കേസുകള്‍ ഇരട്ടിക്കാന്‍ 12 ദിവസവും, ഡല്‍ഹിയില്‍ 14 ദിവസവുമാണെടുത്തത്. എന്നാല്‍ വെറും ഏഴുദിവസങ്ങള്‍ക്കുള്ളിലാണ് ബിഹാറില്‍ കേസുകളുടെ എണ്ണം ഇരട്ടിച്ചത്.

രാജ്യത്തെ കോവിഡ് കേസുകളില്‍ തുടര്‍ച്ചയായി വര്‍ധനവ് രേഖപ്പെടുത്തിയതോടെ കോവിഡ് 19 ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ പത്താംസ്ഥാനത്താണ് ഇന്ത്യ.

അതേസമയം, നാലാംഘട്ട ലോക്ഡൗണ്‍ ഞായറാഴ്ച അവസാനിക്കാനിരിക്കെ സ്ഥിതി വിലയിരുത്താന്‍ കേന്ദ്രമന്ത്രിതല സമിതി ഇന്ന് യോഗം ചേരും. ലോക്ഡൗണ്‍ തുടരേണ്ടതുണ്ടോ എന്ന കാര്യത്തില്‍ വെള്ളിയാഴ്ചയോടെ കേന്ദ്ര തീരുമാനം വന്നേക്കും.

Top