ഹൈക്കോടതി ജഡ്ജിമാര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ കോവിഡ് കെയര്‍ സെന്റര്‍ ഒരുക്കും

ന്യൂഡല്‍ഹി: പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഹൈക്കോടതിയിലെ ജഡ്ജിമാര്‍ക്കും ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ഡല്‍ഹി സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്റര്‍ ഒരുക്കും. സെന്‍ട്രല്‍ ഡല്‍ഹിയിലെ അശോക ഹോട്ടലിലെ നൂറ് മുറികളാണ് ഇതിനായി ബുക്ക് ചെയ്തിരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് ചാണക്യപുരി സബ് ഡിവിഷണല്‍ മജിസ്ട്രേട്ട് ഗീത ഗ്രോവര്‍ ഉത്തരവ് പുറത്തിറക്കി. പ്രൈമസ് ആശുപത്രിക്കായിരിക്കും ഇവിടുത്തെ കോവിഡ് കെയര്‍ സെന്ററിലെ പ്രവര്‍ത്തനങ്ങളുടെ ചുമതല.

ഹോട്ടലില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് കെയര്‍ സെന്ററിലെ ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യേണ്ട ഉത്തരവാദിത്തം ആശുപത്രിക്കായിരിക്കും. ഹോട്ടലിലെ ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനവും എല്ലാ വിധ പ്രതിരോധ സാമഗ്രികളും നല്‍കും. ആംബുലന്‍സ് സൗകര്യം ഉറപ്പാക്കുന്നതും പ്രൈമസ് ആശുപത്രി ആയിരിക്കും. ഹോട്ടലില്‍ ജീവനക്കാരുടെ കുറവുണ്ടായാല്‍ അക്കാര്യം ആശുപത്രി പരിഹരിക്കും. അതേസമയം മുറികളിലെ ശുചീകരണച്ചുമതല, രോഗികള്‍ക്കുള്ള ഭക്ഷണം തുടങ്ങിയവ ഹോട്ടല്‍ നല്‍കും.

രോഗികളില്‍ നിന്ന് ആശുപത്രി പണം ഈടാക്കും. ശേഷം ആശുപത്രി ഹോട്ടലിന് പണം നല്‍കുകയും ചെയ്യും. നിരക്ക് സംബന്ധിച്ച് ഹോട്ടല്‍ അധികൃതരുമായി ചര്‍ച്ച നടത്തി തീരുമാനത്തിലെത്തിയ ശേഷം ആശുപത്രി അധികൃതര്‍ക്ക് വേണമെങ്കില്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും മറ്റ് പാരാമെഡിക്കല്‍ ജീവനക്കാരെയും സ്വന്തം ചെലവില്‍ ഹോട്ടലില്‍ താമസിപ്പിക്കാം.

 

Top