പ്രതികള്‍ക്ക് കോവിഡ്; തിരൂര്‍ എസ്.ഐയടക്കം 12 പൊലീസുകാര്‍ ക്വാറന്റീനില്‍

തിരൂര്‍: ജാമ്യത്തിലിറങ്ങിയ പ്രതികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ തിരൂര്‍ എസ്.ഐയടക്കം 12 പൊലീസുകാര്‍ ക്വാറന്റീനില്‍ പോയി. മണല്‍ക്കടത്ത്, വഞ്ചന തുടങ്ങിയ കേസുകളില്‍ അറസ്റ്റിലായശേഷം ജാമ്യം നേടിയ പ്രതികള്‍ക്കാണ് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ തിരൂരും സമീപപ്രദേശങ്ങളും ആശങ്കയിലായി.

പ്രതികളെ സ്റ്റേഷനിലെത്തിച്ച ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ ഉള്‍പ്പെടെയുള്ള പൊലീസുകാരാണ് നിരീക്ഷണത്തില്‍ പോയത്. മണല്‍ക്കടത്ത് കേസില്‍ അറസ്റ്റിലായി ജാമ്യം നേടിയ തൃപ്രങ്ങോട് ആനപ്പടി സ്വദേശിക്കും വഞ്ചനാ കേസില്‍ അറസ്റ്റിലായി ജാമ്യം നേടിയ മംഗലം കാവഞ്ചേരി സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ജൂണ്‍28ന് വൈകീട്ടാണ് ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നത്. പ്രതികളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി ജൂണ്‍ 29ന് തിരൂര്‍ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഇവരെ ജയിലില്‍ പ്രവേശിപ്പിക്കുന്നതിന് മുന്നോടിയായാണ് കോവിഡ് പരിശോധന നടത്തിയത്.

എന്നാല്‍, ഫലം പുറത്തുവന്നത് തിങ്കളാഴ്ചയാണ്. ജൂലൈ മൂന്നിന് ഇരുവര്‍ക്കും ജാമ്യം ലഭിച്ചിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതികള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നുവെന്നാണ് പറയുന്നത്.
എന്നാല്‍, ഇവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കമുണ്ടായതായ റിപ്പോര്‍ട്ടുകള്‍ ആശങ്കക്കിടയാക്കിയിട്ടുണ്ട്.

അതേസമയം, നാട്ടിലുണ്ടായിരുന്ന ഇരുവര്‍ക്കും എവിടെ നിന്നാണ് കോവിഡ് ബാധിച്ചതെന്ന് വ്യക്തമാവാത്തതാണ് ആശങ്ക വര്‍ധിക്കാന്‍ കാരണം. രണ്ട് പേരെയും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ സമ്പര്‍ക്ക പട്ടിക തയാറാക്കി വരികയാണ്.

Top