വൈറസ് ചോര്‍ന്നത് ലാബില്‍ നിന്നല്ല; വവ്വാലുകളില്‍ നിന്നെന്ന് ഡബ്ലുഎച്ച്ഒ

ബെയ്ജിംഗ്: വവ്വാലുകളില്‍ നിന്നാകാം മനുഷ്യരിലേയ്ക്ക് കൊറോണ വൈറസ് പകര്‍ന്നിട്ടുണ്ടാകുകയെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ)- ചൈന സംയുക്ത പഠനം. വുഹാനിലെ ലാബില്‍ നിന്ന് വൈറസ് ചോര്‍ന്നെന്ന വ്യാപക പ്രചാരണം അടിസ്ഥാന രഹിതമെന്ന് പഠനം വ്യക്തമാക്കുന്നു. ലാബില്‍ നിന്നുള്ള വൈറസ് ചോര്‍ച്ച തീര്‍ത്തും സാധ്യതയില്ലാത്തത് ആണെന്ന് പഠനം പറയുന്നു.

കൊവിഡിന്റെ ഉത്ഭവത്തെ കുറിച്ചുള്ള ഇക്കാര്യം വാര്‍ത്താ ഏജന്‍സിയായ എപി ആണ് റിപ്പോര്‍ട്ട് ചെയ്തത്. കണ്ടെത്തലുകള്‍ വലിയ തോതില്‍ പ്രതീക്ഷിച്ചതാണെങ്കിലും നിരവധി ചോദ്യങ്ങള്‍ ഉത്തരം ലഭിക്കാത്തതാണ്. ലാബിലെ ചോര്‍ച്ച ഒഴികെയുള്ള എല്ലാ സാധ്യതാ മേഖലകളിലും വൈറസിനെ കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് നിര്‍ദേശമുള്ളതായും എപി റിപ്പോര്‍ട്ട് ചെയ്തു.

കൊവിഡ്- 19 ന് കാരണമാകുന്ന കൊറോണ വൈറസ് വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് പകരും മുമ്പ് കാര്യമായ മാറ്റങ്ങള്‍ക്ക് വിധേയമായില്ലെന്ന് ഗവേഷണ പഠനം പുറത്തുവന്നിരുന്നു. ഒരാളില്‍ നിന്ന് മറ്റൊരാളിലേയ്ക്ക് പകരാനുള്ള കഴിവ് വവ്വാലുകളിലെ വാസകാലത്ത് തന്നെ വൈറസ് കൈവരിച്ചിരുന്നെന്ന് വ്യക്തമാക്കുന്നതാണിതെന്ന് സ്‌കോട്‌ലാന്റിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് ഗ്ലാസ്‌ഗോ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ചിലെ ഓസ്‌കര്‍ മക്ലീന്‍ പറഞ്ഞു.

Top