979 കൊവിഡ് ബാധിതര്‍ ! ജാഗ്രതയോടെ രാജ്യം, ലക്ഷ്യം സമൂഹ വ്യാപനം തടയല്‍

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് ഇന്ന് രാജ്യത്ത് രണ്ട് പേര്‍ കൂടി മരിച്ചു.ഗുജറാത്ത്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അഹമ്മദാബാദ് സ്വദേശിയായ 45 കാരനാണ് ഗുജറാത്തില്‍ മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം അഞ്ചായി. ജമ്മുകാശ്മീരിലെ ശ്രീനഗറിലാണ് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 25 പേരാണ് കൊവിഡ് രോഗം ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. ഇതുവരെ 979 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇതില്‍ 86 പേര്‍ക്ക് രോഗം ഭേദമായെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മഹാരാഷ്ട്രയില്‍ ഇന്ന് 7 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 193 ആയി ഉയര്‍ന്നു. കേരളത്തില്‍ ഇന്നലെ ആറ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ 165കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യത്ത് കൊവിഡ് സമൂഹവ്യാപന ഘട്ടത്തെ നേരിടാനുള്ള തയാറെടുപ്പുകള്‍ നടത്തുകയാണ്.രാജ്യത്ത് അടുത്ത പത്ത് ദിവസം നിര്‍ണായകമെന്നാണ് വിലയിരുത്തല്‍. ലോക്ഡൗണ്‍ ശക്തമാക്കി സമൂഹ വ്യാപനം കുറയ്ക്കണമെന്ന് ഐഎംഎയും ആവശ്യപ്പെട്ടിട്ടുണ്ട്.

വിദേശത്തുനിന്നെത്തുന്നവരുടെ വരവ് നിലച്ചിട്ടും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനാലാണ് രാജ്യത്ത് മൂന്നാം ഘട്ടത്തെ നേരിടാനുള്ള തയാറെടുപ്പ് വേഗത്തിലാക്കിയത്. പരിശോധനാ സൗകര്യമുയര്‍ത്താനാണ് തീരുമാനം. രാജ്യത്ത് 119 സര്‍ക്കാര്‍ ലാബുകളിലും 35 സ്വകാര്യ ലാബുകളിലുമാണ് ഇപ്പോള്‍ കൊവിഡ് പരിശോധന നടത്തുന്നത്. ഇതപര്യാപ്തമെന്നാണ് വിലയിരുത്തല്‍.

Top