പാലക്കാട് ജില്ലയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ്; ജില്ലയില്‍ ആശങ്ക

പാലക്കാട്: ജില്ലാ ആശുപത്രിയിലെ അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ പാലക്കാട് ജില്ല പ്രത്യേക നിരീക്ഷണത്തില്‍. ശനിയാഴ്ച സ്ഥിരീകരിച്ച 11 പോസിറ്റീവ് കേസുകളില്‍ 7ഉം സമ്പര്‍ക്കം മൂലമെന്നതും ആശയ ഉയര്‍ത്തുന്നു. ജില്ലാ ആശുപത്രിയില്‍ മാത്രം 14 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് 30 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് രോഗമുക്തിയുണ്ടായത്. സമ്പര്‍ക്കം മൂലം രോഗബാധ ഏറ്റവുമധികം ഉണ്ടായ ഇടങ്ങളിലൊന്നാണ് പാലക്കാട്.

ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്ത രണ്ടു കേസുകളുടെ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല. ജില്ലയില്‍ ഇതുവരെ 31 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായെന്നാണ് കണക്ക്. ഇതില്‍ വാളയാറില്‍ ഉള്‍പ്പെടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം ആകെ 22 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ഇതിനകം സ്ഥിരീകരിച്ചു. സമൂഹ വ്യാപന സാധ്യത കൂടുതലുളള പ്രദേശമെന്ന് കണക്കിലെടുത്ത് ഹോട്ട് സ്‌പോട്ടുകളുടെ എണ്ണവും പാലക്കാട് കൂടുതലാണ്. എട്ടിടങ്ങളെക്കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയതോടെ, പടിഞ്ഞാറന്‍ മേഖലയ്‌ക്കൊപ്പം വടക്കഞ്ചേരി, കൊല്ലങ്കോട് മേഖലയും തീവ്രബാധിത പ്രദേശങ്ങളിലുള്‍പ്പെട്ടു.

അതിര്‍ത്തി കടന്നെത്തിയവരിലാണ് രോഗബാധ കൂടുതലെന്നത് മാത്രമാണ് സാമൂഹ്യവ്യാപനത്തിലേക്കെത്തിയിട്ടില്ലെന്നതിന് തെളിവായി ആരോഗ്യവകുപ്പ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. അതേസമയ വീട്ടുനിരീക്ഷണത്തിലുളളവര്‍ നിയന്ത്രണങ്ങള്‍ പാലക്കാത്തതാണ് രോഗവ്യാപനത്തിന്റെ തോത് കൂടാന്‍ കാരണമെന്നും വിലയിരുത്തലുണ്ട്. പാലക്കാട് ജില്ലാ ആശുപത്രി ജീവനക്കാരിലെ രോഗബാധ വ്യാപിക്കുന്നതും ആശങ്ക ഉയര്‍ത്തുന്നുണ്ട്. ജില്ല മെഡിക്കല്‍ ഓഫീസര്‍,ആശുപത്രി സൂപ്രണ്ട് ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ നിലവില്‍ വീട്ടുനിരീക്ഷണത്തിലാണ്.

Top