ലോക്ഡൗണ്‍: ഇനി ഉപദേശമില്ല, നടപടി മാത്രം; റൂട്ട് മാറ്റി കേരളാ പൊലീസ് !

തിരുവനന്തപുരം: കൊറോണ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ രാജ്യം മുഴുവന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അവശ്യ സര്‍വ്വീസുകളെയും ചരക്ക് ഗതാഗതത്തെയും മാത്രമാണ് ലോക്ഡൗണില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. കേരളവും ഇപ്പോള്‍ സമ്പൂര്‍ണ്ണ ലോക്ഡൗണിലാണ്. എന്നാല്‍ പലയിടങ്ങളിലും
ലോക്ഡൗണ്‍ ലംഘിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.

ലോക്ഡൗണ്‍ ലംഘിച്ചതിന് ആദ്യ ദിവസം മാത്രം 402 കേസാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരുന്നത്. മഹാമാരിയിലും മലയാളിയുടെ അനുസരണക്കേട് വ്യക്തമാക്കുന്ന കണക്കുകളാണിത്. ഇപ്പോഴിതാ ലോക്ഡൗണ്‍ ലംഘിച്ചു യാത്ര ചെയ്യുന്നവര്‍ക്കെതിരെ പൊലീസ് നടപടികള്‍ കടുപ്പിക്കുകയാണ്. വ്യക്തമായ കാരണമില്ലാതെ യാത്ര ചെയ്യുന്നവരെ അറസ്റ്റു ചെയ്യാന്‍ സംസ്ഥാന പൊലീസ് മേധാവി കര്‍ശന നിര്‍ദേശം നല്‍കി കഴിഞ്ഞു.

വാഹനം പിടിച്ചെടുത്താല്‍ വിട്ടുനല്‍കുക ഏപ്രില്‍ 14നുശേഷം മാത്രമായിരിക്കും. വാഹനയാത്രയ്ക്കു കൃത്യമായ രേഖയില്ലെങ്കില്‍ നടപടിയെടുക്കുകയും ചെയ്യും. ഇന്നലെ മാത്രം സംസ്ഥാനത്തു നിരോധനം ലംഘിച്ചതിന് 2535 പേരാണ് അറസ്റ്റിലായത്.1636 വാഹനങ്ങള്‍ പിടിച്ചെടുക്കയും 1751 കേസുകള്‍ റജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

ഈ പൊരി വെയിലത്തും നമ്മുടെ നാടിനെ രക്ഷിക്കാനായി കൊറോണ എന്ന കൊലയാളി വൈറസിനെ ഭയക്കാതെ ക്രമസമാധാനം നിലനിര്‍ത്തുന്നവരാണ് നമ്മുടെ പൊലീസുകാര്‍. എന്നാല്‍ അവരുടെ നിര്‍ദ്ദേശങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ചില സാമൂഹ്യ വിരുദ്ധരുടെ പ്രവര്‍ത്തനം.

ഇപ്പോഴിതാ ബോധവത്കരിച്ചും അഭ്യര്‍ഥിച്ചും കാര്യമില്ലെന്ന് മനസ്സിലായതോടെ നമ്മുടെ പൊലീസ് ഒരു കാര്യം അങ്ങ് തീരുമാനിച്ചു. ഇനി ഉപദേശമില്ല, കര്‍ശന നടപടി മാത്രം. നിയമങ്ങള്‍ പാലിക്കത്തവര്‍ക്കെതിരെ അത് തന്നെയാണ് നല്ലതും.

കര്‍ശന നടപടിയിലേക്ക് കടക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു മുഖ്യമന്ത്രി നിര്‍ദേശം നല്‍കി കഴിഞ്ഞു. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കും. അറസ്റ്റും ഉണ്ടാകും. ഇനി അതല്ലാതെ വേറെ പോം വഴിയില്ല.

ആവശ്യസര്‍വീസുകള്‍ക്ക് സഞ്ചരിക്കുന്നവര്‍ക്ക് പൊലീസ് നല്‍കുന്ന പാസോ സ്ഥാപനങ്ങളുടെ പാസോ ഹാജരാക്കണം. സ്വകാര്യ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ സത്യവാങ്മൂലം ഹാജരാക്കിയാല്‍ മാത്രമേ യാത്ര തുടരാന്‍ അനുവദിക്കൂ. ഇനിയും നിര്‍ദേശം ലംഘിച്ചാല്‍ ഭാവിയില്‍ ദുഖിക്കേണ്ടിവരുമെന്നു മുഖ്യമന്ത്രി തന്നെ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.

Top