ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും കൊവിഡ് വാക്സിന്‍ സുരക്ഷിതം

ദോഹ: ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കുന്നത് കൊണ്ട് കുഴപ്പമില്ലെന്ന് ഖത്തറിലെ ആരോഗ്യ വിദഗ്ധര്‍. ഗര്‍ഭിണിയാകാന്‍ തയ്യാറെടുക്കുന്നവര്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിന്‍ സുരക്ഷിതമാണ്. അതേസമയം, വിട്ടുമാറാത്ത രോഗങ്ങളുള്ള ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും വാക്സിന്‍ എടുക്കുന്നതാണ് ഏറ്റവും നല്ലത്.

കാരണം അവര്‍ക്ക് കൊവിഡ് പകരാനുള്ള സാധ്യത കൂടുതലാണ്. എന്നു മാത്രമല്ല, അത്തരം ആളുകള്‍ക്ക് കൊവിഡ് ബാധയുണ്ടായാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാവുമെന്നും ദേശീയ ഹെല്‍ത്ത് സ്ട്രാറ്റജി വിഭാഗത്തിലെ ഡോ. നജാത്ത് അല്‍ ഖെനിയാബ് വ്യക്തമാക്കി. കൊവിഡ് ബാധയ്ക്ക് കുടുതല്‍ സാധ്യതയുള്ള മേഖലകളില്‍ ജോലി ചെയ്യുന്ന ഗര്‍ഭിണികള്‍ക്കും വാക്സിന്‍ തന്നെയാണ് ഉത്തമം.

ഗര്‍ഭിണികളില്‍ ഇതുവരെ വാക്‌സിന്‍ പരീക്ഷണം നടത്തിയിട്ടില്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട് നടന്ന മെഡിക്കല്‍ പഠനങ്ങള്‍ വാക്സിന്‍ എടുക്കുന്നതിന് അനുകൂലമാണ്. ഫൈസര്‍ വാക്‌സിന്റെ ക്ലിനിക്കല്‍ ഇതര പഠനങ്ങളിലെ തെളിവുകള്‍ ലോകാരോഗ്യ സംഘടനയും അമേരിക്ക, യൂറോപ്പ്, കാനഡ എന്നിവിടങ്ങളിലെ റെഗുലേറ്ററി അതോറിറ്റികളും വിലയിരുത്തിയിട്ടുണ്ട്. ഇവരാരും ഗര്‍ഭിണികളില്‍ വാക്‌സിന്‍ സുരക്ഷയെ കുറിച്ച് ആശങ്കകളൊന്നും പങ്കുവെച്ചിട്ടില്ലെന്നും ഡോ. നജാത്ത് കൂട്ടിച്ചേര്‍ത്തു. അതേസമയം വാക്‌സിന്‍ സ്വീകരിക്കുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടാന്‍ ശ്രദ്ധിക്കണമെന്നും അവര്‍ പറഞ്ഞു. 

 

Top