അനുമതി ലഭിച്ചാലുടൻ കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് ഇന്ത്യ

ന്യൂഡൽഹി: കോവിഡ് 19 പ്രതിരോധ വാക്സിൻ വിതരണത്തിനൊരുങ്ങി രാജ്യം. വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഫൈസറും അസ്ട്രസെനകയും ഡ്രഗ് കൺട്രോളർ ജനറലിനും അപേക്ഷ സമർപ്പിച്ചുകഴിഞ്ഞു. ഡ്രഗ് കൺട്രോളർ ജനറലിന്റെയും ശാസ്ത്രജ്ഞരുടെയും അനുമതി ലഭിച്ചാലുടൻ ആദ്യഘട്ട വാക്സിൻ വിതരണം ആരംഭിക്കും. ആദ്യഘട്ടത്തിൽ വാക്സിൻ ലഭിക്കുന്നത് പ്രാഥമിക പട്ടികയിലുളള മുപ്പതു കോടിയോളം ജനങ്ങൾക്കായിരിക്കും.

സർക്കാർ-സ്വകാര്യ ആരോഗ്യസംവിധാനങ്ങളുടെ സഹായത്തോടെയാണ് സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങൾ ഡേറ്റകൾ ശേഖരിക്കുന്നത്. ഇത് കോ-വിൻ എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമില്‍ അപ് ലോഡ്ചെയ്തുകൊണ്ടിരിക്കുകയാണ്. ഇത് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുന്നുമുണ്ട്. നാഷണൽ എക്സ്പർട്ട് ഗ്രൂപ്പ് ഓൺ വാക്സിൻ അഡ്മിനിസട്രേഷൻ ഫോർ കോവിഡ് (എൻ.ഇ.ജി.വി.എ.സി)യുടെ കീഴിൽ സംസ്ഥാനങ്ങൾ വാക്സിൻ വിതരണത്തിന് നേതൃത്വം നൽകും.

ഒരു കോടിയോളം വരുന്ന ആരോഗ്യപ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ, സായുധസേനാംഗങ്ങൾ, ഹോം ഗാർഡ്സ്, മുനിസിപ്പൽ തൊഴിലാളികൾ എന്നിവരുൾപ്പെടെയുളള രണ്ടു കോടിയോളം വരുന്ന മുന്നണിപ്പോരാളികൾ. പ്രായത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയ 27 കോടി പേർ. ഇവരിൽ അമ്പതു വയസ്സിന് മുകളിലുളളവരും രോഗികളായ അമ്പതു വയസ്സിന് താഴെയുളളവരും ഉൾപ്പെടും. സ്റ്റേറ്റ് സ്റ്റിയറിങ് കമ്മിറ്റികളുടെ സഹായത്തോടെയാകും സംസ്ഥാനങ്ങൾ വിതരണം നടപ്പാക്കുക.

ജില്ലാ തലത്തിൽ ജില്ലാ കളക്ടറായിരിക്കും ഇതിന് മേൽനോട്ടം വഹിക്കുക. ജില്ലാതല കൺട്രോൾ റൂമുകളും സ്ഥാപിക്കേണ്ടതുണ്ട്. വാക്സിൻ ശേഖരിച്ച് സൂക്ഷിക്കുന്നതിനായി നിലവിൽ 28,947 കോൾഡ് ചെയിൻ പോയിന്റുകളാണ് രാജ്യത്തുളളത്. ഒമ്പതോളം വാക്സിനുകളാണ് ഇന്ത്യയിൽ വിതരണത്തിനായി ഒരുങ്ങുന്നത്. ഇതിൽ ഫൈസറും കോവിഷീൽഡും കോവാക്സിനും അടിയന്തര ഉപയോഗത്തിന് അനുമതി തേടിക്കഴിഞ്ഞു.

Top