ലോകം കൊവിഡ് ഭീതിയില്‍; ചൈന വിറ്റത് ഫലപ്രാപ്തിയില്ലാത്ത വാക്സിന്‍

ബെയ്‌ജിങ്: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ കൊവിഡ്-19 മഹാമാരിയുടെ രണ്ടാം തരംഗം  ആഞ്ഞടിക്കുകയാണ്. കൊവിഡ് വാക്‌സിൻ വിതരണം വേഗത്തിൽ പുരോഗമിക്കുന്നതിനിടെയാണ് പുതിയ കൊവിഡ് കേസുകൾ വർധിക്കുന്നത്. വാക്‌സിൻ കുത്തിവെപ്പ് വർധിപ്പിച്ചതോടെ പല രാജ്യങ്ങളിലും വാക്‌സിൻ ലഭ്യത കുറയുകയാണ്. ഇതിനിടെ തങ്ങൾ നിർമ്മിക്കുന്ന വാക്‌സിനുകൾ ഫലപ്രാപ്‌തി കുറഞ്ഞതാണെന്ന ചൈനയുടെ വെളിപ്പെടുത്തൽ വിവാദമായിരിക്കുകയാണ്. നിരവധി രാജ്യങ്ങളിലേക്ക് വാക്‌സിൻ കയറ്റുമതി ചെയ്യുന്നതിനിടെയാണ് ചൈനയുടെ ഈ തുറന്ന് പറച്ചിൽ ഉണ്ടായിരിക്കുന്നത്.

തദ്ദേശീയമായി നിമ്മിച്ച കൊവിഡ് വാക്‌സിനുകൾ ഫലപ്രാപ്‌തിയുടെ കാര്യത്തിൽ പിന്നിൽ നിൽക്കുന്നതാണെന്ന ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ മേധാവി ജോര്‍ജ് ഫു ഗാവോയുടെ വെളിപ്പെടുത്തലാണ് വിവാദമായത്. മറ്റ് രാജ്യങ്ങളിലേക്ക് ലക്ഷക്കണക്കിന് വാക്‌സിൻ ഡോസുകൾ കയറ്റി അയച്ചതിന് പിന്നാലെയാണ് സർക്കാർ ഉദ്യോഗസ്ഥൻ തന്നെ ഇക്കാര്യം വ്യക്തമാക്കിയത്. വാക്‌സിനുകളുടെ ഗുണനിലവാരം മോശമാണെന്ന ചൈനയുടെ തുറന്ന് പറച്ചിൽ ആഗോള തലത്തിൽ എതിർപ്പിന്‌ കാരണമായേക്കാം.

ഗുണനിലവാരമില്ലാത്ത വാക്‌സിനുകളാണ് പുറത്തിറക്കിയതെന്ന് ചൈനീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതോടെ വാക്‌സിൻ യതന്ത്രത്തിലൂടെ പ്രതിച്ഛായ മെച്ചപ്പെടുത്താമെന്ന ചൈനയുടെ ആലോചനകൾക്ക് തിരിച്ചടിയായി. പാകിസ്ഥാൻ, ഇൻഡോനേഷ്യ, യു എ ഇ, ബ്രസീൽ, ഈജിപ്‌ത് എന്നീ രാജ്യങ്ങളാണ് ചൈനയിൽ നിന്നും വ്യാപകമായി വാക്‌സിൻ വാങ്ങിയത്. ഗാവോയുടെ തുറന്ന് പറച്ചിൽ ചർച്ചയായതോടെ വിശദീകരണവുമായി ചൈനീസ് മാധ്യമങ്ങൾ രംഗത്തുവന്നു. അദ്ദേഹത്തിൻ്റെ വാക്കുകൾ തെറ്റായി ചിത്രീകരിക്കുകയായിരുന്നുവെന്ന് മാധ്യമങ്ങൾ വ്യക്തമാക്കി. അതേസമയം, ചൈന വിറ്റ വാക്‌സിനുകൾക്ക് ഫപ്രാപ്‌തിയില്ലെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ചൈനീസ് വാക്‌സിനുകൾ പൂർണമായും ഫലം തരാത്ത സാഹചര്യത്തിൽ പുതിയ പരീക്ഷണങ്ങൾ സംബന്ധിച്ചും ഗാവോ നിലപാട് വ്യക്തമാക്കി. വാക്‌സിനുകളുടെ ഫലപ്രാപ്‌തി മെച്ചപ്പെടുത്താന്‍ വിവിധ വാക്‌സിനുകള്‍ കൂട്ടിക്കലര്‍ത്തി പരീക്ഷിക്കുന്ന കാര്യം പരിഗണനയിലാണെന്നും ഗാവോ സൂചിപ്പിച്ചു. വാക്‌സിൻ്റെ അളവ് വർധിപ്പിക്കുകയോ, നൽകുന്ന ഡോസുകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്‌താൽ നിലവിലെ അവസ്ഥ മറികടക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. മെസഞ്ചര്‍ ആര്‍എന്‍എ (messenger RNA) വാക്‌സിനുകള്‍ ഉത്പാദിപ്പിക്കാന്‍ ചൈന ഒരുങ്ങുന്നതായും ഗാവോ സൂചന നല്‍കി.

 

Top