കോവിഡ് പ്രതിരോധ വാക്‌സിന്‍ ഈ വര്‍ഷം വികസിപ്പിക്കും, ഉല്പാദനം അടുത്ത വര്‍ഷം

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിന്‍ ഈ വര്‍ഷം വികസിപ്പിച്ചെടുക്കുവെന്നും എന്നാല്‍ വാക്‌സിന്റെ ഉല്പാദനം 2021-ന്റെ അവസാനത്തോടെ മാത്രമേ ആരംഭിക്കാന്‍ സാധിക്കുകയുള്ളൂവെന്നും സ്വീഡനിലെ ചീഫ് എപ്പിഡെമിയോളജിസ്റ്റ് ഡോ. ആന്‍ഡേഴ്‌സ് ടെഗ്‌നെല്‍. പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ക്ക് കോവിഡിനെതിരായ രോഗപ്രതിരോധശക്തി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘നാലഞ്ച് മാസത്തെ അനുഭവംകൊണ്ട് നമുക്കത് പറയാന്‍ സാധിക്കും. സ്വീഡിഷ് അനുഭവത്തിന്റെ വെളിച്ചത്തില്‍ ഞങ്ങള്‍ക്ക് പറയാന്‍ സാധിക്കും. രണ്ടാമത് കോവിഡ് ബാധിച്ച ഒരു വ്യക്തിപോലുമില്ലെന്ന്.’ ടെഗ്‌നല്‍ പറഞ്ഞു.

അന്താരാഷ്ട്രതലത്തില്‍ പോലും ഒരാള്‍ക്ക് ഒന്നിലധികം തവണ കൊറോണ വൈറസ് ബാധയുണ്ടായ വളരെ ചുരുക്കം ചില കോസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സ്വീഡനില്‍ ഒരു വ്യക്തിക്ക് രണ്ടാമത് വൈറസ് ബാധയുണ്ടായോ എന്നുതിരിച്ചറിയാന്‍ ശക്തമായ സംവിധാനമുണ്ട്. വൈറസിനെതിരായ പ്രതിരോധശേഷിയെ കുറിച്ച് വിശദീകരിച്ച ടെഗ്‌നല്‍ പ്രതിരോധശേഷി എത്രത്തോളം നിലനില്‍ക്കുമെന്നത് സ്ഥാപിക്കപ്പെട്ടിട്ടില്ലെന്നും ചിലപ്പോള്‍ മാസങ്ങളോളം ചിലപ്പോള്‍ വര്‍ഷങ്ങളോളം നിലനിന്നേക്കാമെന്നും അറിയിച്ചു. ഹെര്‍ഡ് ഇമ്മ്യൂണിറ്റി സങ്കീര്‍ണമാണെന്ന് പറഞ്ഞ ടെഗ്‌നല്‍ ഗെര്‍ഡ് ഇമ്മ്യൂണിറ്റി രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കുമെന്നും കൂട്ടിച്ചേര്‍ത്തു. സ്റ്റോക്ക്‌ഹോമിലെ ജനസംഖ്യയുടെ അഞ്ചില്‍ ഒരുഭാഗം നിലവില്‍ പ്രതിരോധശേഷിയുള്ളവരാണെന്ന് സ്റ്റോക്ക്‌ഹോമിലെ ഹെര്‍ഡ് ഇമ്മ്യൂണിറ്റിയെ ഉദ്ധരിച്ച് ടെഗ്‌നല്‍ പറഞ്ഞു.

രോഗവ്യാപനത്തിന്റെ തോത് കുറയുന്നതില്‍ നിന്ന് ഇക്കാര്യം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് 19 ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനര്‍ത്ഥം സുസ്ഥിരമായ ഏതെങ്കിലും തരത്തിലുളള പ്രതികരണം ഉണ്ടാകും.
പ്രതിരോധശേഷി നേടിയ ജനതയായിരിക്കും അതിന്റെ ഭാഗം. നിരവധി ആളുകളെ നേരിയ തോതില്‍ മാത്രമേ അസുഖം ബാധിക്കുന്നുള്ളൂ. അവരെ പിസിആര്‍ ചെയ്താല്‍ മാത്രമേ കണ്ടെത്താന്‍ സാധിക്കൂ. ഗുരുതരമായി രോഗം ബാധിച്ച ഒരാളുടെ സ്ഥാനത്ത് നേരിയ തോതില്‍ രോഗം ബാധിച്ച 70-80 ആളുകള്‍ ഉണ്ടായിരിക്കാം. തിരിച്ചറിയാത്ത രോഗികളുടെ എണ്ണം വളരെ കൂടുതലാണ്. സ്വീഡനില്‍ മാസ്‌ക് ഉപയോഗിക്കാത്തതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. മാസ്‌ക് ധരിക്കുന്നതിനേക്കാള് വീട്ടില്‍ തുടരാനാണ് സ്വീഡനില്‍ ജനങ്ങളോട് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top