കോവിഡ് രോഗവ്യാപനത്തെക്കുറിച്ചുള്ള പുതിയ മൊബൈൽ ആപ്പ് അവതരിപ്പിച്ച് ഡബ്ല്യുഎച്ച്ഒ

കോവിഡ് രോഗവ്യാപനത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ലഭ്യമാക്കുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനുമായി പുതിയ മൊബൈൽ ആപ്പ് അവതരിപ്പിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ‘ഡബ്ല്യുഎച്ച്ഒ കോവിഡ് -19 അപ്‌ഡേറ്റ്സ്’ എന്ന് പേരിട്ടിരിക്കുന്ന ആപ്പിൽ കോവിഡ് -19 മഹാമാരിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭ്യമാവും. മറ്റ് കോവിഡ്- അനുബന്ധ അപ്ലിക്കേഷനുകളിൽ നിന്ന് വ്യത്യസ്തമായി, ഈ ആപ്പിൽ കോൺടാക്റ്റ് ട്രെയ്‌സിങ് ഫീച്ചറുകൾ ഇല്ലെന്നതാണ് പ്രത്യേകത. ഈ വർഷം ഏപ്രിലിൽ സമാനമായ ഒരു മൊബൈൽ ആപ്ലിക്കേഷൻ ലോകാരോഗ്യ സംഘടന പുറത്തിറക്കിയിരുന്നു. എന്നാൽ അത് പൊതു ഉപഭോഗത്തിനായി ഉദ്ദേശിച്ചതായിരുന്നില്ലെന്നതിനാൽ ഉടൻ തന്നെ ആപ്പ് സ്റ്റോറുകളിൽ നിന്ന് പിൻവലിക്കപ്പെതുകയായിരുന്നു. പഴയ ആപ്പിന് സമാനമാണ് പുതിയ ആപ്ലിക്കേഷനും.

അപ്ലിക്കേഷന് നിങ്ങളുടെ ലൊക്കേഷൻ ലഭിച്ചു കഴിഞ്ഞാൽ, നിങ്ങളുടെ പ്രദേശവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കോവിഡ്- അനുബന്ധ വാർത്തകളും അപ്‌ഡേറ്റുകളും ഇതിൽ കാണിക്കും. അപ്ലിക്കേഷന്റെ ഹോം സ്‌ക്രീൻ രാജ്യത്തും ആഗോളതലത്തിലുമുള്ള കൊറോണ വൈറസ് കേസുകളുടെ എണ്ണം കാണിക്കും. ലേറ്റസ്റ്റ് അപ്ഡേറ്റ്സ് വിഭാഗത്തിൽ ഏറ്റവും പുതിയ വിവരങ്ങളുടെ നോട്ടിഫിക്കേഷനുകൾ ലഭ്യമാവും. കോവിഡ്-19 അനുബന്ധ ലക്ഷണങ്ങളുടെ ഒരു ലിസ്റ്റ് ഉൾക്കൊള്ളുന്ന ഒരു ചെക്ക്-അപ്പ് ടാബും അപ്ലിക്കേഷനിലുണ്ട്. കോവിഡിന്റെ ലഘുവായ ലക്ഷണങ്ങളും ഗുരുതരമായ ലക്ഷണങ്ങളും ഇതിൽ കാണിക്കും. “ലേൺ” എന്ന ടാബൽ യാത്രയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ ലഭിക്കും. വൈറസ് ബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള മുൻകരുതലുകളെക്കുറിച്ചുള്ള വിവരങ്ങളും ഇവിടെ ലഭ്യമാവും. കോവിഡ്-19നെ ചുറ്റിപ്പറ്റിയുള്ള പൊതുവായ കെട്ടുകഥകളും അവയുടെ വിശദീകരണവും ആപ്പിൽ ലഭ്യമാവും. നിങ്ങൾക്ക് കോവിഡ്-19 പ്രതിരോധ ഫണ്ടിലേക്ക് സംഭാവന ചെയ്യാൻ കഴിയുന്ന ഒരു ലിങ്കും ആപ്പിൽ ഉണ്ട്.

നിലവിൽ നൈജീരിയയിൽ മാത്രമാണ് ആപ്പ് ഗൂഗിൾ പ്ലേ സ്റ്റേറിൽ ലഭ്യമായത്. എന്നാൽ എല്ലാ രാജ്യത്തും ആ രാജ്യത്തുനിന്നുള്ള വിവരങ്ങൾ അടിസ്ഥാനമാക്കി ഈ ആപ്പ് പ്രവർത്തിക്കുന്നു. മറ്റ് പ്രദേശങ്ങളിലും ആപ്പ് പുറത്തിറക്കാനും ലോകാരോഗ്യ സംഘടന പദ്ധതിയിടുന്നു. എന്നാൽ ആപ്പ് പരീക്ഷിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങൾക്ക് എപികെ മിററിൽ നിന്ന് അപ്ലിക്കേഷന്റെ എപികെ ഫയൽ കണ്ടെത്താനും അവിടെ നിന്ന് ഡൗൺലോഡ് ചെയ്യാനും കഴിയും.

Top