കോവിഡിന് വാക്‌സിന്‍ കണ്ടുപിടിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷവും ഒളിംപിക്‌സ് നടത്താനാവില്ല

കോവിഡ് വ്യാപനം തടയാന്‍ സാധിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷവും ഒളിംപിക്‌സ് നടത്താനാവില്ലെന്നു ജപ്പാന്‍ പ്രധാനമന്ത്രി ആബെ ഷിന്‍സോ.

‘ഒളിംപിക്‌സിലും പാരാലിംപിക്‌സിലും പങ്കെടുക്കുന്ന മുഴുവന്‍ അത്‌ലീറ്റുകള്‍ക്കും സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടതും കാണികളെ സ്റ്റേഡിയങ്ങളിലേക്കു പ്രവേശിപ്പിക്കേണ്ടതും സംഘാടകരുടെ ഉത്തരവാദിത്വമാണ്. കോവിഡ് മൂലം അതിനു കഴിയാതെ വന്നാല്‍ പിന്നെ ഒളിംപിക്‌സ് നടത്തുന്നതില്‍ അര്‍ഥമില്ല’ – ആബെ പറഞ്ഞു.

കോവിഡ് പ്രതിരോധത്തിനു വാക്‌സിന്‍ കണ്ടുപിടിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷം ടോക്കിയോ ഒളിംപിക്‌സ് നടത്താന്‍ ബുദ്ധിമുട്ടായിരിക്കുമെന്നു ജപ്പാന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ പറ്റുന്നില്ലെങ്കില്‍, ടോക്കിയോ ഒളിംപിക്‌സ് റദ്ദാക്കുകയല്ലാതെ മറ്റു വഴികളൊന്നും ജപ്പാന്റെ മുന്നിലില്ലെന്നു സംഘാടക സമിതിയുടെ പ്രസിഡന്റ് യോഷിറോ മോറി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അടുത്ത വര്‍ഷം ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 8 വരെയാണു ടോക്കിയോ ഒളിംപിക്‌സ് പുനര്‍നിശ്ചയിച്ചിരിക്കുന്നത്.ലോക മഹായുദ്ധങ്ങളുടെ കാലത്തല്ലാതെ ചരിത്രത്തില്‍ ഇതുവരെ ലോകകായിക മാമാങ്കമായ ഒളിംപിക്‌സ് മുടങ്ങിയിട്ടില്ല.

Top