സംസ്ഥാനങ്ങള്‍ക്ക് അഭിനന്ദനം മാത്രം പോരാ, പണം വേണം: തോമസ് ഐസക്

തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ക്ക് അഭിനന്ദനം മാത്രം പോരാ, സാമ്പത്തിക സഹായം കൂടി നല്‍കണമെന്ന് ധനമന്ത്രി തോമസ് ഐസക്. പത്തൊമ്പത് ദിവസം കൂടി രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടിയ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പുറകെയാണ് തോമസ് ഐസകിന്റെ പ്രതികരണം.

കോവിഡ് പ്രതിരോധത്തിന് കേന്ദ്രം പ്രഖ്യാപിക്കുന്ന നടപടികളെ അനുസരിക്കാനും പാലിക്കാനും തയ്യാറാണ്. അതിനെ എല്ലാം സ്വാഗതം ചെയ്യുന്നു. അതേസമയം വീട്ടില്‍ അടച്ച് പൂട്ടിയിരിക്കേണ്ട സാധാരണക്കാരന്റെ ഉപജീവനം കൂടി ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.

വീട്ടില്‍ അടച്ച് പൂട്ടിയിരിക്കുന്ന ജനങ്ങള്‍ക്ക് ഭക്ഷണവും വെള്ളവുമെത്തിക്കണം. അവരുടെ ഉപജീവനം ഉറപ്പു വരുത്തണം. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പാതി പണം മുന്‍കൂര്‍ നല്‍കണമെന്നും മന്ത്രി അവശ്യപ്പെട്ടു. ഉപജീവനം ഉറപ്പാക്കിയില്ലെങ്കില്‍ ലോക് ഡൗണ്‍ ഫലപ്രദമാകില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

സംസ്ഥാനങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ പരിഹരിക്കാനുള്ള പരിശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം. റിസര്‍വ്വ് ബാങ്ക് വഴി വായ്പ ലഭ്യമാക്കാന്‍ കേന്ദ്ര ഇടപെടലുണ്ടാകണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.

രാജ്യത്ത് മെയ് 3 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. നിലവിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി തന്നെ തുടരും. മാര്‍ച്ച് 24-ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ അടച്ചിടലിന്റെ കാലാവധി ഇന്ന് അര്‍ധരാത്രി അവസാനിക്കാനിരിക്കെയാണ് വീണ്ടും പത്തൊമ്പത് ദിവസത്തേയ്ക്ക് കൂടി ലോക്ഡൗണ്‍ നീട്ടിയിരിക്കുന്നത്.

Top