കൊറോണ ഭീതിയില്‍ രാജ്യം പാര്‍ലമെന്റിലും സുപ്രീംകോടതിയിലും തെര്‍മല്‍ സ്‌ക്രീനിങ്

ന്യൂഡല്‍ഹി: കൊവിഡ് ബാധിതരുടെ എണ്ണം 110 ആയി ഉയര്‍ന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രതയാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. കൂടുതല്‍ പേരിലേക്ക് രോഗം പടരുന്നതോടെ ജാഗ്രതയും നിയന്ത്രണങ്ങളും കര്‍ശനമാക്കാനാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനം.

കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ പാര്‍ലമെന്റിലും സുപ്രീം കോടതിയിലും തെര്‍മല്‍ സ്‌ക്രീനിങ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ജീവനക്കാരെയെല്ലാം പരിശോധനക്ക് വിധേയമാക്കുന്നുമുണ്ട്.

രണ്ടു ലക്ഷം പരിശോധന കിറ്റുകള്‍ ജര്‍മ്മനിയില്‍ നിന്ന് വരും ദിവസങ്ങളിലെത്തിക്കാനും ഇന്ന് ചേര്‍ന്ന കേന്ദ്ര ആരോഗ്യ, വിദേശകാര്യ, വ്യോമയാന മന്ത്രിമാരുള്‍പ്പെട്ട മന്ത്രിസഭാ ഉപസമിതി അവലോകന യോഗം തീരുമാനിച്ചു.

രാജ്യത്ത് ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഇവിടെ 32 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

രാജസ്ഥാനില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂന്ന് പേര്‍ക്ക് രോഗം ഭേദമായതായും റിപ്പോര്‍ട്ട് ചെയ്തു. ഇറ്റാലിയന്‍ ദമ്പതിമാര്‍ക്കും ദുബായില്‍ നിന്നെത്തിയ ആള്‍ക്കുമാണ് രോഗം ഭേദമായിരിക്കുന്നത്.

കൊറോണ ഭീതിക്കെതിരെ ഒന്നിച്ചു പ്രവര്‍ത്തിക്കാനായി വിദേശ കാര്യ മന്ത്രി എസ്. ജയശങ്കര്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപയോയുമായി ചര്‍ച്ച ചെയ്തു. രോഗ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് റൂര്‍ക്കി ഐഐടിയില്‍ ഒരു വിദേശിയടക്കം ഒമ്പത് വിദ്യാര്‍ഥികളെ ഐസൊലേഷനിലാക്കി.

ഡറാഡൂണിലെ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഈമാസം 31 വരെ സന്ദര്‍ശകരെ വിലക്കിയിരിക്കുകയാണ്. ശ്രീനഗറിലെ പാര്‍ക്കുകളും ഉദ്യാനങ്ങളും അടക്കുകയും ഛത്തീസ്ഖണ്ഡ് നിയമസഭ 25 വരെ നിര്‍ത്തിവെയ്ക്കുകയും ചെയ്തിരിക്കുകയാണ്.

Top