കൊറോണ കുട്ടികളില്‍ മാരകമായി ബാധിക്കില്ല; പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുത്ത കൊറോണ എന്ന കൊലയാളി വൈറസിനെ കുറിച്ച്് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പല തരത്തിലുള്ള പഠനങ്ങളാണ് നടന്നുകൊണ്ടിരുക്കുന്നത്. എന്നാല്‍ കുട്ടികളിലെ കൊറോണ വൈറസ് ബാധ സംബന്ധിച്ച് താരതമ്യേന കുറഞ്ഞ പഠനങ്ങളേ നടന്നിട്ടുള്ളൂ. എന്നാല്‍ ഇപ്പോഴിതാ നവജാത ശിശുക്കളിലും കുട്ടികളിലും വൈറസിന്റെ പ്രവര്‍ത്തനം എപ്രകാരമായിരിക്കും എന്നത് സംബന്ധിച്ച പഠന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേണലിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കൊറോണ ബാധിച്ച കുട്ടികളില്‍ താരതമ്യേന കുറഞ്ഞ രോഗലക്ഷണങ്ങള്‍ മാത്രമേ കാണാനാവൂ എന്നാണ് പഠനം വ്യക്തമാക്കുന്നത്. കൂടാതെ, കൊറോണ വൈറസ് ബാധിച്ച കുട്ടികളില്‍ നേരത്തെ രോഗനിര്‍ണയം നടത്താനും ഒന്ന്-രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ രോഗമുക്തിയിലേയ്ക്ക് എത്താനും സാധിക്കുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. 1065 പേരിലായി നടത്തിയ വ്യത്യസ്തമായ 18 പഠനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ചൈന, സിംഗപുര്‍ തുടങ്ങിയ രാജ്യങ്ങളിലായി 0-9 വയസ്സിനിടയിലുള്ള കുട്ടികളിലാണ് പഠനം നടന്നത്.

പഠനം നടത്തിയ കുട്ടികളിലെല്ലാംതന്നെ പനിയും ചുമയുമായിരുന്നു പ്രധാന രോഗലക്ഷണങ്ങള്‍. ഈ രോഗലക്ഷണങ്ങളോടെ ആശുപത്രിയിര്‍ പ്രവേശിപ്പിച്ച് ചികിത്സയിലൂടെ രോഗമുക്തരാക്കാന്‍ സാധിച്ചുവെന്നും പഠനത്തില്‍ പറയുന്നു.

പഠനം നടത്തിയ കുട്ടികളില്‍ ഒരു നവജാത ശിശുവിനു മാത്രമേ രോഗം ഗുരുതരമാവുകയും ന്യൂമോണിയ ബാധിക്കുകയും ചെയ്തിരുന്നുള്ളൂ. എന്നാല്‍ തീവ്രപരിചരണത്തിലൂടെ ഈ ശിശുവിനെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞുവെന്നും പഠനത്തില്‍ പറയുന്നു. പഠനത്തില്‍ ഉള്‍പ്പെട്ട ഗുരുതരാവസ്ഥിയിലുള്ള ശിശു ഒഴികെ മറ്റാര്‍ക്കും ഓക്സിജന്റെയോ വെന്റിലേറ്ററിന്റെയോ ആവശ്യം ഉണ്ടായില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്.

പൊതുവില്‍ മാതാപിതക്കളില്‍നിന്നോ മറ്റു കുടുംബാംഗങ്ങളില്‍നിന്നോ സമ്പര്‍ക്കം മൂലമാണ് കുട്ടികളില്‍ വൈറസ് ബാധയുണ്ടാകുന്നത്. നവജാത ശിശുക്കളില്‍ രോഗബാധയുണ്ടാകുന്നത് പ്രസവസമയത്തോ തുടര്‍ന്നുള്ള ദിവസങ്ങളിലോ ആകാമെന്നാണ് ഗവേഷകരുടെ പ്രാധമിക നിഗമനം. ഇത് സ്ഥികരീക്കുന്നതിന് കൂടുതല്‍ പഠനം ആവശ്യമാണെന്നും അവര്‍ വ്യക്തമാക്കുന്നു.

Top