കൊവിഡ് 19 ബാധിച്ച് ഗുജറാത്തില്‍ ഒരാള്‍ മരിച്ചു; രാജ്യത്ത് ഇന്ന് മാത്രം മരിച്ചത് മൂന്ന് പേര്‍ !

പട്ന: കൊവിഡ് 19 ബാധിച്ച് രാജ്യത്ത് ഇന്ന് വീണ്ടും ഒരാള്‍ കൂടി മരിച്ചു. ഗുജറാത്തിലെ സൂറത്തിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 69 വയസ്സുള്ള ആളാണ് മരിച്ചത്.

ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ഏഴായി. ഇന്ന് മാത്രം കൊവിഡ് ബാധിച്ച് 3 പേരാണ് മരിച്ചത്. ഗുജറാത്തിന് പുറമെ ബീഹാറിലും മഹാരാഷ്ട്രയിലുമാണ് ഇന്ന് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മുംബൈയിലെ എച്ച് എന്‍ റിലയന്‍സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ 63കാരനാണ് മഹാരാഷ്ട്രയില്‍ മരിച്ചത്. മാര്‍ച്ച് 21നാണ് ഇയാളെ കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. മഹാരാഷ്ട്രയില്‍ ഇന്ന് ഒരു മരണം കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആകെ രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പട്‌ന എയിംസില്‍ ചികിത്സയിലായിരുന്ന 38കാരനാണ് ബീഹാറില്‍ മരിച്ചത്. ശനിയാഴ്ചയാണ് മരണം സംഭവിച്ചതെങ്കിലും പോസിറ്റീവാണെന്ന പരിശോധനാ ഫലം ലഭിച്ചത് ഞായറാഴ്ചയാണ്.

ഗുജറാത്ത്, ബീഹാര്‍, കൂടാതെ ഡല്‍ഹി, കര്‍ണാടക, രാജസ്ഥാന്‍, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്ത് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

മഹാരാഷ്ട്രയില്‍ 84 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും മഹാരാഷ്ട്രയിലാണ്. കേരളമാണ് രണ്ടാമത്. ഇവിടെ 52 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജസ്ഥാനിലെ ജോധ്പുരിലും ചണ്ഡീഗഢിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നിലവില്‍ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 341ആയി. ഇതില്‍ 63 കേസുകള്‍ വെള്ളിയാഴ്ചയും 40 കേസുകള്‍ ശനിയാഴ്ചയുമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് 19 രോഗവ്യാപനത്തിന്റെ മൂന്നാമത്തെ ഘട്ടത്തിലേക്ക് ഇന്ത്യ എത്തിയതിന്റെ സൂചനകളാണ് ഈ കേസുകള്‍ കാണിക്കുന്നത്.

Top