ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര സുപ്രീംകോടതി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ വാര്‍ഷിക രഥയാത്രയും അനുബന്ധ പ്രവര്‍ത്തനങ്ങളും സുപ്രീം കോടതി വ്യാഴാഴ്ച സ്റ്റേ ചെയ്തു. ജൂണ്‍ 23 നാണ് ഈ വര്‍ഷത്തെ രഥയാത്ര നിശ്ചയിച്ചിരുന്നത്.

രഥയാത്ര അനുവദിച്ചാല്‍ ജഗന്നാഥന്‍ ക്ഷമിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അഭിപ്രായപ്പെട്ടു.

പൊതുജനാരോഗ്യ അപകടത്തെക്കുറിച്ച് ചൂണ്ടിക്കാട്ടി ഒഡീഷ വികാസ് പരിഷത്ത് എന്ന എന്‍ജിഒ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

രഥയാത്രയോട് അനുബന്ധിച്ച് 20 ദിവസത്തോളം നീണ്ടു നില്‍ക്കുന്ന ചടങ്ങുകളാണുള്ളത്.

ക്ഷേത്രത്തിന് ഉള്ളിലെ ചടങ്ങുകള്‍ അനുവദിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. എന്നാല്‍ മതപരമായ കാര്യങ്ങളിലെ ആവേശം എന്തൊക്കെ വരുത്തിവയ്ക്കുമെന്ന് തങ്ങള്‍ക്ക് അറിയാമെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

പുരി രഥയാത്രയുടെ ഭാഗമായി ഒഡീഷയുടെ മറ്റ് ഭാഗങ്ങളില്‍ നടക്കുന്ന രഥയാത്രകളും തടയാന്‍ സുപ്രീം കോടതി ഒഡീഷ സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

Top