കര്‍ണാടകത്തിന് തിരിച്ചടി; അതിര്‍ത്തി തുറക്കണമെന്ന ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ ഇല്ല

ന്യൂഡല്‍ഹി: കേരളാ അതിര്‍ത്തി റോഡുകളെല്ലാം തുറക്കണമെന്ന കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച കര്‍ണാടകയ്ക്കു തിരിച്ചടി. കേരള- കര്‍ണാടക അതിര്‍ത്തി വിഷയത്തില്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തില്ല. പകരം കേരള, കര്‍ണാടക ചീഫ് സെക്രട്ടറിമാരും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെയും ഗതാഗതമന്ത്രാലയത്തിന്റെയും സെക്രട്ടറിമാരും ഇരുന്ന് ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.

വീഡിയോ കോണ്‍ഫന്‍സിംഗ് വഴിയാണ് ഇന്ന് ജസ്റ്റിസ് നാഗേശ്വര റാവു അധ്യക്ഷനായ ബഞ്ച് ഹര്‍ജി പരിഗണിച്ചത്.ഒന്നര മണിക്കൂറോളം നീണ്ട വാദപ്രതിവാദത്തിന് ശേഷമാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.

രോഗികളെ കടത്തിവിടാന്‍ മാര്‍ഗരേഖ തയാറാക്കണമെന്ന് പറഞ്ഞ കോടതി ഇതിനായി കേന്ദ്ര ആരോഗ്യ സെക്രട്ടറി അധ്യക്ഷനായ സമിതിയെയും നിയോഗിച്ചു. കേരള, കര്‍ണാടക ചീഫ് സെക്രട്ടറിമാര്‍ ഉള്‍പ്പെട്ടതാണു സമിതി. ചൊവ്വാഴ്ച കേസ് പരിഗണിക്കുമ്പോള്‍ തീരുമാനം അറിയിക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

Top