കൊറോണയാണെന്ന് സംശയിച്ച് അമ്മയെ മകൻ വഴിയിൽ ഉപേക്ഷിച്ചു ; അമ്മയ്ക്ക് ദാരുണാന്ത്യം

കാൺപൂര്‍; കൊറോണയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിന് വഴിയിൽ ഉപേക്ഷിക്കപ്പെട്ട അമ്മയ്ക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം.ശ്വാസം മുട്ടൽ അനുഭവപ്പെടുന്നെന്ന് പറഞ്ഞപ്പോൾ കൊറോണയാണെന്ന് അനുമാനിച്ച് സ്വന്തം മകൻ തന്നെയാണ് അമ്മയെ വഴിയിൽ ഉപേക്ഷിച്ചത്. തുടർന്ന്  പൊലീസ് എത്തി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അന്തരിച്ച ലെഫ്റ്റനന്റ് കേണലിന്റെ ഭാര്യയോടാണ് മകൻ ഇത്തരത്തിൽ ഹൃദയശൂന്യമായ പ്രവൃത്തി ചെയ്തത്. ശ്വാസ തടസ്സം അനുഭവപ്പെടുന്നതായി അമ്മ പറഞ്ഞിരുന്നു. അമ്മയെ ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം വിവാഹിതയായ സഹോദരിയുടെ വീട്ടിൽ എത്തിക്കാനാണ് ഇയാൾ ശ്രമിച്ചത്. തുടർന്ന് യാത്രാമദ്ധ്യേ അമ്മയെ വഴിയിൽ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തതായി  പൊലീസ് അറിയിച്ചു. അമ്മയെ ഉപേക്ഷിച്ച ശേഷം ഒളിവിൽ പോയ പ്രതിയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. അമ്മയ്ക്ക് കൊറോണയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല

Top