ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പ്; പാലിച്ചില്ലെങ്കില്‍ നടപടി

ന്യൂഡല്‍ഹി: കൊറോണ വൈറസ് നിയന്ത്രണാധീതമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കി ഡല്‍ഹി സര്‍ക്കാര്‍. ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.പകര്‍ച്ചവ്യാധി നിയമ പ്രകാരം ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്ക് വേണ്ടി പ്രത്യേക ഉത്തരവില്‍ പറയുന്നു.

ഉത്തരവ് പാലിക്കാത്ത പക്ഷം ഒരു മാസം വരെ തടവും 200 രൂപ പിഴയും ഈടാക്കും. മറ്റൊരാള്‍ക്ക് കൂടി രോഗം പകര്‍ന്ന സാഹചര്യമുണ്ടായാല്‍ ആറുമാസം വരെ തടവും 1000 രൂപ പിഴയും അടക്കേണ്ടി വരും.

ക്വാറന്റൈന്‍ ലംഘിച്ച് പുറത്ത് കറങ്ങി നടക്കുന്നവരെ തിരികെ വീടുകളിലേക്കോ ആശുപത്രികളിലേക്കോ എത്തിക്കാനും അവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും ജില്ലാ മജിസ്‌ട്രേറ്റിനെ അധികാരപ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.

മാര്‍ച്ച് 1 മുതല്‍ ഏകദേശം 35000 ഓളം ആളുകള്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവര്‍ നിര്‍ബന്ധമായും 14 ദിവസം ക്വാറന്റൈനില്‍ കഴിയുന്നുവെന്ന് ഉറപ്പാക്കേണ്ടതാണെന്ന് ജില്ലാ മജിസ്‌ട്രേറ്റിനോടും മറ്റ് ടീമംഗങ്ങളോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരും കര്‍ശനമായി ക്വാറന്റൈനില്‍ കഴിയണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു.

ഇതുവരെ 27 കോവിഡ് 19 കേസുകളാണ് ദില്ലിയില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 21 പേരും വിദേശത്തുനിന്ന് എത്തിയവരാണ്.

അതേസമയം തിങ്കളാഴ്ച ആറ് മണിക്ക് ഡല്‍ഹി ലോക്ക് ഡൗണിലേക്ക് പ്രവേശിച്ചു. മാര്‍ച്ച് 31നേ അവസാനിക്കൂ. ഡല്‍ഹിയുടെ അതിര്‍ത്തികളെല്ലാം ഇതിനോടകം അടച്ചിട്ടു കഴിഞ്ഞു. ഡല്‍ഹില്‍ നിന്നും ഡല്‍ഹിയിലേക്കുമുള്ള എല്ലാ ഫ്ളൈറ്റ് സര്‍വ്വീസുകളും നിര്‍ത്തിവെച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്രം ആ തീരുമാനം റദ്ദാക്കിയിട്ടുണ്ട്.

ലോക്ക്ഡൗണ്‍ കാലയളവില്‍ കാബുകളോ ഓട്ടോകളോ ഓടിക്കാന്‍ ഡല്‍ഹിയില്‍ അനുമതിയുണ്ടാവില്ല. സ്വകാര്യ വാഹനങ്ങളും നിരോധിച്ചിട്ടുണ്ട്. പൊലീസ്, അഗ്‌നിരക്ഷ സേന, ഇലക്ട്രിസിറ്റി, ജലം, പെട്രോള്‍ പമ്പ് എന്നിവയുമായി ബന്ധപ്പെട്ട വാഹനങ്ങളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

.

Top