മഹാരാഷ്ട്രയിലെ സ്ഥിതിഗതികള്‍ ആശങ്കാജനകം; കോവിഡ് ബാധിതര്‍ 15,000 കവിഞ്ഞു !

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയിലെ സ്ഥിതിഗതികള്‍ ആശങ്കാജനകമാണെന്ന് ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെഎണ്ണം 15,000 കവിഞ്ഞ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.

നിലവില്‍ സംസ്ഥാനത്ത് ആകെയുള്ള 36 ജില്ലകളില്‍ 34 ജില്ലകളും കോവിഡ് ബാധിത പ്രദേശങ്ങളാണ്. ഈ പശ്ചാത്തലത്തില്‍ കോവിഡ് വ്യാപനം നിയന്ത്രിക്കേണ്ടതുണ്ടെന്നും വൈറസ് പടരുന്നത് നിയന്ത്രിക്കുന്നതിനുള്ള തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രിയുമായ് കൂടിക്കാഴ്ച നടത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

‘മഹാരാഷ്ട്രയിലെ സ്ഥിതിഗതികള്‍ ആശങ്കപ്പെടുത്തുന്നതാണ്. നിലവില്‍ സംസ്ഥാനത്തെ 36 ജില്ലകളില്‍ 34 ഇടത്തും കൊവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ചര്‍ച്ച നടത്തി രോഗവ്യാപനം നിയന്ത്രണവിധേയമാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ആലോചിക്കും’ ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 841 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 15,525 ആയി ഉയര്‍ന്നു.

ഇന്നലെ മാത്രം കോവിഡ് ബാധയെത്തുടര്‍ന്ന് മഹാരാഷ്ട്രയില്‍ 38 പേരാണ് മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് ആകെ 617 പേരുടെ ജീവനാണ് കോവിഡില്‍ പൊലിഞ്ഞത്.

മുംബൈ, പൂനെ, താനെ എന്നിവയാണ് മഹാരാഷ്ട്രയിലെ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിക്കപ്പെട്ട പ്രദേശങ്ങള്‍. മുംബൈയില്‍ ഇതുവരെ പതിനായിരത്തോളം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പൂനെയില്‍ രണ്ടായിരത്തിലധികം കോവിഡ് കേസുകളും, താനെയില്‍ 1,404 കോവിഡ് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Top