കൊവിഡ് ഭീതി; വയനാട്ടില്‍ ദീര്‍ഘദൂര സര്‍വീസുകള്‍ എല്ലാം നിലച്ചു

വയനാട്: കൊവിഡ് 19 ഭീതി പടര്‍ത്തി നിയന്ത്രണാധീതമായി പടരുന്ന സാഹചര്യത്തില്‍ വയനാട്ടില്‍ നിന്നുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ എല്ലാം നിലച്ചു. ചെക്‌പോസ്റ്റിലൂടെ അവശ്യ വാഹനങ്ങള്‍ മാത്രമാകും ഇനി കടന്നുപോകുക. കുടകിലേക്കുള്ള യാത്ര പൂര്‍ണമായും ഒഴിവാക്കണമെന്ന് വയനാട് കളക്ടര്‍ അദീല അബ്ദുള്ള അറിയിച്ചു.

കര്‍ണാടകത്തിലേക്കും തമിഴ്‌നാട്ടിലേക്കും ബസുകള്‍ ഓടുന്നില്ല. ഇന്ന് രാത്രിയോടെ പൂര്‍ണ നിയന്ത്രണം നിലവില്‍ വരും. കര്‍ണാടക ചാമരാജ് നഗര്‍ ജില്ലയിലേക്കും, തമിഴ്‌നാട് നീലഗിരി ജില്ലയിലേക്കും ബസുകള്‍ സര്‍വ്വീസ് നടത്തുന്നില്ല. ജില്ലകളിലേയ്ക്ക് പോകേണ്ടവരും അവിടനിന്നും മടങ്ങേണ്ടവരും യാത്ര വേഗത്തിലേക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം കുമളിയിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും തമിഴ്‌നാട് ഉച്ചയോടെ അവസാനിപ്പിക്കും. കുമളി ചെക്ക് പോസ്റ്റില്‍ നിന്ന് 6 കിലോ മീറ്റര്‍ അപ്പുറം ഉള്ള അടിവാരം വരെ മാത്രമേ സര്‍വീസ് ഉണ്ടായിരിക്കുകയുള്ളൂ. എന്നാല്‍ കെഎസ്ആര്‍ട്ടിസി തമിഴ്‌നാട്ടിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.

Top