തകർന്നത് ലാലിന്റെ വിശ്വാസ്യതയും, കൊറോണക്കാലം തിരിച്ചടിക്കാലം . . .

രു ചെറിയ അശ്രദ്ധമതി കാര്യങ്ങളെല്ലാം കീഴുമേൽ മറിയാൻ. അത്തരം ചില പ്രവർത്തികളാണ് നമ്മളെ ഇപ്പോൾ ഏറെ ഭയപ്പെടുത്തുന്നത്. ഇക്കാര്യത്തിൽ ഇറ്റലിയിൽ നിന്നും വന്ന കുടുംബവും കാസർഗോഡുകാരനും ഇപ്പോൾ വടകര സ്വദേശിയും വിതച്ചിരിക്കുന്നത് വലിയ ആശങ്കകളാണ്.

താൻ നശിച്ചാൽ മറ്റുള്ളവരും നശിക്കണമെന്ന ചിന്താഗതിയാണ് കാസർഗോഡ് സ്വദേശിയെ നയിച്ചിരിക്കുന്നത്. ദുബായിൽ നിന്നും വടകരയിലെത്തിയ വ്യക്തിയും ഇതേ സ്വഭാവമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. മലയാളികൾക്കാകെ അപമാനകരമായ സംഭവമാണിത്.

സംസ്ഥാനത്ത് ഏറ്റവും അധികംപേർ നിരീക്ഷണത്തിലുള്ളത് കോഴിക്കോടാണ്. തൊട്ടു പിന്നിൽ മലപ്പുറമാണുള്ളത്. വിദേശത്ത് നിന്നും എത്തിയവരാണ് ഇതിൽ ബഹുഭൂരിപക്ഷവും. മലബാറിലെ കോഴിക്കോട്, കണ്ണൂർ, മലപ്പുറം, പാലക്കാട് ജില്ലകളില്ലായി കാൽ ലക്ഷത്തോളം പേരാണ് നിരീക്ഷണത്തിലുള്ളത്. സംസ്ഥാനത്താകെ ഇത് അരലക്ഷം പിന്നിട്ടു കഴിഞ്ഞു. കൊറോണ കേസുകളും വർദ്ധിക്കുകയാണ്.

അനുസരണക്കേടിനാണ് കേരളം ഇപ്പോൾ അനുഭവിച്ച് കൊണ്ടിരിക്കുന്നത്. സർക്കാർ നിർദേശങ്ങൾ വകവയ്ക്കാത്തവരെ പൊലീസ് മാത്രമല്ല, നാട്ടുകാരും ഇനി ‘കൈകാര്യം’ ചെയ്യാൻ തയ്യാറാകണം. ഇത് മാനവരാശിയുടെ നിലനിൽപ്പിന്റെ പ്രശ്‌നമാണ്. ഒരു വിട്ടുവീഴ്ചയും ഇക്കാര്യത്തിൽ പാടില്ല.

ജനത കർഫ്യൂ നല്ലൊരു ആശയം തന്നെ ആയിരുന്നു. എന്നാൽ ചില ‘മണ്ടൻ നിർദ്ദേശങ്ങൾ’ ഇതിന്റെ ഉദ്ദേശ ശുദ്ധിയെ തന്നെ ബാധിക്കുന്നതാണ്.

‘സോഷ്യൽ ഡിസ്റ്റൻസിങി’നെ ആഘോഷമാക്കി മാറ്റിയവരാണ് രാജ്യത്ത് വീണ്ടും ആശങ്കയുണർത്തിരിക്കുന്നത്.

കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കാനാണ് ജനത കർഫ്യൂവിലൂടെ വീട്ടിൽ ഒതുങ്ങാൻ നിർദ്ദേശിച്ചിരുന്നത്. എന്നാൽ കൂട്ടം കൂടിയാണ് പലരും ഇത് ആഘോഷമാക്കിയത്. പാത്രങ്ങളിൽ കൊട്ടിയും കൈയ്യടിച്ചും ജനതാ കർഫ്യൂവിന്റെ ഭാഗമാകാൻ ആഹ്വാനം ചെയ്തടത്താണ് പിഴച്ചിരിക്കുന്നത്.

ഒറ്റക്ക് ചെയ്യാമായിരുന്ന ഈ പ്രവർത്തി കൂട്ടം കൂടി ചെയ്തത് നേരെ വിപരീത ഫലമാണ് ഉണ്ടാക്കുക. ഇക്കാര്യങ്ങൾ പ്രധാനമന്ത്രിയെങ്കിലും മനസ്സിലാക്കണമായിരുന്നു.

കേട്ടപാതി കേൾക്കാത്ത പാതി പ്രതികരണവുമായി രംഗത്ത് വന്ന നടൻ മോഹൻലാലും വലിയ വിഡ്ഢിത്തമാണ് വിളമ്പിയിരിക്കുന്നത്.

കയ്യടിച്ചാൽ വൈറസ് നശിച്ചു പോകുമെന്ന സിദ്ധാന്തമാണ് ലാൽ അവതരിപ്പിച്ചിരിക്കുന്നത്.

മലയാളത്തിന്റെ മഹാനടൻ മഹാവിഡ്ഢിയായി മാറിയ സന്ദർഭമായിരുന്നു അത്.

ബിഗ് ബോസിൽ രജിത് കുമാറിനെ പുറത്താക്കിയ ക്ഷീണം തീരും മുൻപാണ് ഇത്തരമൊരു തിരിച്ചടി ലാലിന് ലഭിച്ചിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ ഓഫീസ് പോലും അവകാശപ്പെട്ടാത്ത കാര്യമാണ് കാവി പ്രേമത്താൽ ലാൽ വിളമ്പിയത്.

സാക്ഷര കേരളമായതിനാൽ ഈ വാദത്തെ മുളയിലേ നുള്ളാൻ നമുക്ക് കഴിഞ്ഞു. ശക്തമായ പ്രതിഷേധമാണ് വകതിരിവില്ലാത്ത ഈ വാക്കുകൾക്ക്, ലാലിനിപ്പോൾ നേരിടേണ്ടി വന്നിരിക്കുന്നത്.

തമിഴ് നാട്ടിലെ ഒരു സൂപ്പർ താരമാണ് ഇങ്ങനെ പറഞ്ഞതെങ്കിൽ ഇതു കേട്ട് കയ്യടികളുടെ പൂരം തന്നെ ഉണ്ടാവുമായിരുന്നു. തമിഴ് താരങ്ങൾ പോലും ഉയർന്ന ബോധം കാണിച്ചടത്താണ് സൂപ്പർ ഹീറോ സൂപ്പർ സീറോ ആയി മാറിയിരിക്കുന്നത്.

കൂട്ടം കുടരുതെന്ന നിർദ്ദേശങ്ങളെ പാടെ ലംഘിക്കുന്ന ഉപദേശമാണിത്.

ഇനി ഈ പിഴവുകളെ പറ്റി വിമർശിച്ചിട്ട് കാര്യമില്ല. അതിന്റെ സമയവുമല്ല ഇത്. ഒറ്റക്കെട്ടായി കൊലയാളി വൈറസിനെ തുരത്തുകയാണ് വേണ്ടത്.അതിന് നാം ഒത്തൊരുമയോടെയാണ് പ്രവർത്തിക്കേണ്ടത്. പുറത്തിറങ്ങാതിരിക്കുക എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രതിരോധം. മറ്റുള്ളവരെ പുറത്തിറക്കാതെ നിരുത്സാഹപ്പെടുത്തുകയും വേണം.

കൊറോണ നിരീക്ഷണത്തിൽ കഴിയുന്നവരെ ഒരു കാരണവശാലും വേദനിപ്പിക്കരുത്. ഈ വൈറസ് നാളെ നിങ്ങളെയും ബാധിക്കാം എന്ന ഓർമ്മ എപ്പോഴും എല്ലാവരുടേയും മനസ്സിൽ വേണം. സഹജീവികളോട് കാട്ടേണ്ടത് കരുണയാണ്.

അകലം ദൂരത്തിലാണ് വേണ്ടത് മനസ്സിലല്ല ഉണ്ടാകേണ്ടത്. ഒറ്റപ്പെടുമെന്ന ഭയമാണ് പലരെയും ആശുപത്രിയിൽ പോവാൻ പോലും ഭയപ്പെടുത്തുന്നത്.ഈ യാഥാർത്ഥ്യവും നാം തിരിച്ചറിയണം.

ആവശ്യ സാധനങ്ങൾ തിരക്ക് പിടിച്ച് വാങ്ങിക്കുട്ടിയാൽ നാട്ടിൽ പ്രതിസന്ധിയാണ് ഉണ്ടാകുക. അതും ഓർക്കണം. പട്ടിണി കിടന്ന് ഇവിടെ ആരും അപകടത്തിൽപ്പെടുന്ന ഒരു സാഹചര്യവും ഉണ്ടാകില്ല. ഇക്കാര്യത്തിൽ സർക്കാറിന്റെ വാദങ്ങളെ മാത്രമാണ് മുഖവിലക്കെടുക്കേണ്ടത്.

ഇറ്റലിയുടെ അവസ്ഥ നമ്മുടെ രാജ്യത്തും വരാതിരിക്കാൻ ഈ മഹാ ദൗത്യത്തിൽ ഒറ്റക്കെട്ടായാണ് അണി ചേരേണ്ടത്.പൊട്ടിക്കാം നമുക്ക് കൊറോണ കണ്ണികൾ.ബ്രേക്ക് ദ ചെയിൻ.


Staff Reporter

Top