കൊവിഡ്19; തിരുവനന്തപുരത്ത് 42 പൊലീസുകാര്‍ ഹോം ക്വാറന്റൈനില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് 42 പൊലീസുകാര്‍ ഹോം ക്വാറന്റൈനില്‍. തിരുവനന്തപുരം വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനിലും ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ മലപ്പുറം സ്വദേശിക്ക് കോവിഡ് സ്ഥിരികരിച്ച പശ്ചാത്തലത്തിലാണ് നിരീക്ഷണം.

തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ മലപ്പുറം സ്വദേശിക്ക് കൊവിഡ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇയാള്‍ക്ക് പിന്നീട് കൊവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരത്ത് ഇത് വരെ 6 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നു പേര്‍ക്ക് രോഗം ഭേദമായി. വെള്ളനാട് സ്വദേശിയുടേയും, ശ്രീ ചിത്ര ആശുപത്രിയിലെ ഡോക്ടറുടേയും, ഇറ്റലിക്കാരന്റെയും രോഗമാണ് ഭേദമായത്.

ബാക്കിയുള്ള രണ്ടു പേരും ഇന്നലെ മലപ്പുറത്തിന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ ആളും ഉള്‍പ്പെടെ മൂന്ന് പോരാണ് ചികിത്സയിലുള്ളത്.

ജില്ലയില്‍ ഇപ്പോള്‍ 11024 പേരാണ് വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുള്ളത്.ആസ്പത്രികളില്‍ ഇന്ന് രോഗ ലക്ഷണങ്ങളുമായി 13 പേരെ കൂടി പ്രവേശിപ്പിച്ചു. അതേസമയം നേരത്തെ ഐസൊലേഷനിലായിരുന്ന 26 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

Top