പ്രതിക്ക് കോവിഡ് രോഗിയുമായി സമ്പര്‍ക്കം; പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷന്‍ അടച്ചു

പെരുമ്പാവൂര്‍: കസ്റ്റഡിയിലെടുത്ത പ്രതി കോവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷന്‍ അടച്ചു.

ബുധനാഴ്ച പ്രതികളെ കസ്റ്റഡിയിലെടുത്തവരും സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരും നിരീക്ഷണത്തില്‍ പോയി.

നിലവില്‍ തൊട്ടടുത്ത ഡി.വൈ.എസ്.പി ഓഫീസിലാണ് സ്റ്റേഷന്റെ താല്‍കാലിക പ്രവര്‍ത്തനം. പൊലീസ് സ്റ്റേഷന്‍ അണുവിമുക്തമാക്കും. കസ്റ്റഡിയിലായവര്‍ താമസിച്ചിരുന്ന പ്രദേശത്തെ സ്ഥാപനങ്ങളും മറ്റും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അടച്ചു. കസ്റ്റഡിയിലെടുത്തവരെ കളമശേരി കോവിഡ് കെയര്‍ സെന്ററിലെത്തിച്ച് പരിശോധനക്കായി സ്രവം ശേഖരിച്ചു.

വെങ്ങോല ഉണ്ണി വധക്കേസിലെ മുഖ്യപ്രതി ഉള്‍പ്പെടെ രണ്ടുപേരെ ബുധനാഴ്ച വൈകുന്നേരം കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിലൊരാള്‍ കോവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതായാണ് വിവരം.

Top