ധാരാവിയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനം ആശങ്കയില്‍ !

മുംബൈ:ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരി പ്രദേശമായ മുംബൈയിലെ ധാരാവിയില്‍ വീണ്ടും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടുപേര്‍ക്കാണു പുതുതായി രോഗം ബാധിച്ചത്. 30കാരിയും 48കാരനുമാണ് ധാരാവിയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മേഖലയില്‍ കൊവിഡ് രോഗികളുടെ എണ്ണം അഞ്ചായി.
കൂടുതല്‍ പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ കടുത്ത ആശങ്കയിലാണ് സംസ്ഥാനം.

രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്ത് ധാരാവിയിലും പരിസര പ്രദേശത്തും മുംബൈ കോര്‍പ്പറേഷന്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.അതേസമയം, മേഖലയില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളോട് അടുത്തിടപഴകിയവരുടെ പരിശോധനാഫലം നെഗറ്റീവാണ്.

അതിനിടെ മഹാരാഷ്ട്രയിലാകട്ടെ കൊവിഡ് രോഗികളുടെ എണ്ണം ഇന്നലെ രാത്രിയോടെ 600 കടന്നു.രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 600 കടക്കുന്ന ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്ര. 24 മണിക്കൂറിനിടെ 147 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. മുംബൈയില്‍ നാല് പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 32 ആയി ഉയര്‍ന്നു.

കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഒറ്റയടിക്ക് ലോക്ക് ഡൗണ്‍ പിന്‍വലിക്കാനായേക്കില്ലെന്ന് ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ പറഞ്ഞു. ഘട്ടം ഘട്ടമായി ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതാണ് പരിഗണനയിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂവായിരം കടന്നു. കഴിഞ്ഞ 12 മണിക്കൂറിനിടെ 302 കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. 3374 പേര്‍ക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 77 ആയി ഉയരുകയും ചെയ്തു. 267 പേര്‍ക്ക് ഭേദമായപ്പോള്‍ 3030 പേരാണ് ഇപ്പോള്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.

Top