‌കോവിഡ് ഇനി വെറുമൊരു പകർച്ചപ്പനി, പാൻഡെമിക്ക് ഘട്ടം അവസാനിക്കുന്നു

കോവിഡ് 19ന്റെ പാൻഡെമിക്ക് ഘട്ടം അവസാനിക്കുന്നെന്ന് ലോകാരോഗ്യ സംഘടന. ഈ വർഷത്തോടെ കോവിഡിനെ വെറുമൊരു പകർച്ചപ്പനിയുടെ ഗണത്തിലേക്ക് ഒതുക്കാൻ കഴിയും. സീസണൽ ഇൻഫ്‌ളുവൻസ വൈറസിനെ നോക്കി കാണുന്ന പോലെ കോവിഡ്-19 നെയും കാണുന്ന കാലം വരുമെന്ന് ഡബ്ല്യൂഎച്ച്ഒ എമർജൻസി ഡയറക്ടർ മൈക്കൽ റയാൻ പറഞ്ഞു.

“കോവിഡ് 19നെ സീസണൽ ഇൻഫ്ളുവൻസ പോലെ കാണുന്ന ഒരു സ്ഥിതിയിലേക്ക് നമ്മൾ എത്തുകയാണ്. ആരോ​ഗ്യത്തിന് ഭീഷണി തന്നെയാണ്. ഈ വൈറസ് മരണത്തിന് കാരണമാകുകയും ചെയ്യും. പക്ഷെ നമ്മുടെ സമൂഹത്തെയോ ആശുപത്രി പ്രവർത്തനങ്ങളെയോ തടസ്സപ്പെടുത്തുന്ന ഒന്നായിരിക്കില്ല”, മൈക്കൽ റയാൻ പറഞ്ഞു.

കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ച് മൂന്ന് വർഷം പിന്നിടുമ്പോഴാണ് ആശ്വാസ വാർത്ത. കോവിഡ് 19നെ പൊതു ആരോഗ്യ അടിയന്തരാവസ്ഥയായി കാണേണ്ട സ്ഥിതി അവസാനിച്ചെന്ന് ഈ വർഷം പറയാൻ കഴിയുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Top