ഇന്ത്യയില്‍ കോവിഡ് സ്‌ഫോടനാത്മകമായിട്ടില്ല, എന്നാല്‍ അതിന് സാധ്യത ഏറെ; ഡബ്ല്യൂഎച്ച്ഒ

യുണൈറ്റഡ് നേഷന്‍സ്: ഇന്ത്യയില്‍ കോവിഡ് വ്യാപനം സ്ഫോടനാത്മകമായ സ്ഥിതിവിശേഷത്തിലേക്ക് എത്തിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന.
എന്നാല്‍ മാര്‍ച്ചില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കുന്നത് രോഗ വ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.

നിലവില്‍ മൂന്നാഴ്ച കൊണ്ടാണ് ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം വന്‍ തോതില്‍ കൂടിയതെന്നും ലോകാരോഗ്യ സംഘടന ഹെല്‍ത്ത് എമര്‍ജന്‍സീസ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കല്‍ റയാന്‍ പറഞ്ഞു.

ഇന്ത്യയിലെ ഓരോ സ്ഥലത്തും കോവിഡ് ഉണ്ടാക്കുന്ന ആഘാതം വ്യത്യസ്തമാണ്. നഗരങ്ങള്‍, ഗ്രാമങ്ങള്‍ എന്നിവിടങ്ങളില്‍ കോവിഡ് സാഹചര്യങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വൈറസ് വ്യാപനം ക്രമാതീതമല്ല, എന്നാല്‍ അത് കൂടിക്കൂടി വരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സൗത്ത്ഏഷ്യയില്‍ ഇന്ത്യയില്‍ മാത്രമല്ല, ബംഗ്ലാദേശ്, പാകിസ്ഥാന്‍ വലിയ ജന സംഖ്യയുള്ള മറ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ രോഗം സ്‌ഫോടനാത്കമായിട്ടില്ല. എന്നാല്‍ ഇതിന് സാധ്യത ഏറെയാണെന്നാണ് അദ്ദേഹം പറയുന്നത്.

ലോക്ക് ഡൗണ്‍ സമയത്ത് രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ വേഗംകുറയ്ക്കാന്‍ സാധിച്ചു. എന്നാല്‍ രോഗവ്യാപനത്തിന്റെ തോത് ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതിലൂടെ വര്‍ധിക്കും. നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയും ജനങ്ങള്‍ പഴയതുപോലെ യാത്രകള്‍ തുടങ്ങുകയും ചെയ്യുന്നതിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Top