രാജ്യത്ത് കൊറോണയുമില്ല, ആരെയും കൊന്നിട്ടുമില്ല; റിപ്പോര്‍ട്ടുകളെ തള്ളി ഉത്തരകൊറിയ

സോള്‍: ലോകത്താകമാനം കൊറോണ വൈറസ് ബാധ പടര്‍ന്നു പിടിക്കുമ്പോള്‍ വൈറസ് ബാധ സ്വന്തം അതിര്‍ത്തി കടന്നിട്ടില്ലെന്ന് ലോകത്തോട് വിളിച്ചു പറയുകയാണ് ഉത്തര കൊറിയ. ഉത്തരകൊറിയയിലെ ഔദ്യോഗിക മാധ്യമമായ റോഡോംഗ് സിന്‍മുനാണ് രാജ്യത്ത് വൈറസ് ബാധയില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തത്.ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടിലും ഉത്തരകൊറിയയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല.

ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട വൈറസ് ബാധ ഹോങ്കോങ്, മക്കാവു തുടങ്ങി ഇന്ത്യ ഉള്‍പ്പെടെയുള്ള ചൈനയുടെ അയല്‍പ്രദേശങ്ങളിലേക്കെല്ലാം അതിവേഗം പടര്‍ന്നിട്ടും ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ഉത്തര കൊറിയയില്‍ എത്തിയില്ലെന്ന അവകാശവാദം ലോകരാജ്യങ്ങളില്‍ സംശയം ജനിപ്പിച്ചിരുന്നു. ചൈനയുമായി 1500 കിലോമീറ്ററാണ് ഉത്തരകൊറിയ അതിര്‍ത്തി പങ്കിടുന്നത്.

ഇറ്റലി, ദക്ഷിണ കൊറിയ, ലബനന്‍, ഇസ്രയേല്‍, തുടങ്ങി നൂറോളം രാജ്യങ്ങള്‍ കൊറോണയുടെ പിടിയിലമര്‍ന്നിട്ടും ഒരൊറ്റ കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ഉത്തര കൊറിയ.

എന്നാല്‍ കൊറോണ ബാധമൂലം 200ഓളം ഉത്തര കൊറിയന്‍ സൈനികര്‍ മരിച്ചതായി ദക്ഷിണ കൊറിയന്‍ വാര്‍ത്ത ഏജന്‍സി ഡെയ്ലി എന്‍കെ ന്യൂസ് ഓര്‍ഗനൈസേഷനും റിപ്പോര്‍ട്ട് ചെയ്തു. മാത്രമല്ല രോഗബാധ സംശയിക്കുന്ന 4000ത്തോളം പേരെ തടവിലാക്കിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 180 ഓളം സൈനികര്‍ ജനുവരിഫെബ്രുവരി മാസങ്ങളിലായി മരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉത്തര കൊറിയയില്‍ ആദ്യമായി കൊറോണ ബാധിച്ചയാളെ വെടിവച്ചു കൊന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ചൈന സന്ദര്‍ശിച്ച് മടങ്ങിയെത്തിയ ആള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ഉത്തരവ് പ്രകാരം ഇയാളെ വെടിവെച്ച് കൊന്നു എന്നായിരുന്നു രാജ്യാന്തര
മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

അതേസമയം ലോകം കൊറോണയെ തുരത്താന്‍ കഷ്ടപ്പെടുമ്പോള്‍ ഉത്തരകൊറിയ മൂന്ന് മിസൈല്‍ പരീക്ഷണം നടത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 200 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലിനു സമാനമായ മൂന്ന് രഹസ്യആയുധങ്ങളാണ് ഉത്തര കൊറിയ വിക്ഷേപിച്ചതെന്ന് ദക്ഷിണ കൊറിയ സൈന്യം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

Top