ഉറവിടം അറിയാത്ത കേസുകൾ; തലസ്ഥാനത്ത് നാലിടങ്ങൾ കൂടി കണ്ടെയ്ൻമെന്റ് സോണുകൾ

തിരുവനന്തപുരം: ഉറവിടം കണ്ടെത്താനാവാത്ത കോവിഡ് സമ്പർക്ക കേസുകളെ തുടർന്ന് തിരുവനന്തപുരത്ത് അതീവ ജാഗ്രത.ജില്ലയിൽ നാലിടങ്ങൾ കൂടി കണ്ടെയ്ൻമെന്റ് സോണാക്കി.പാളയം അയ്യൻകാളി ഹാൾ, ജൂബിലി ആശുപത്രി, വെള്ളനാട് ടൗൺ, കണ്ണമ്പള്ളി എന്നിവിടങ്ങളാണു കണ്ടെയ്ൻമെൻറ് സോണാക്കിയത്. ഈ പ്രദേശങ്ങളിലെല്ലാം കനത്ത ജാഗ്രത വേണമെന്നാണ് നഗരസഭയും ജില്ലാ ഭരണകൂടവും പറയുന്നത്.

സാഫല്യം ഷോപ്പിങ് കോംപ്ലക്‌സും പാളയം മാർക്കറ്റും നേരത്തെ കണ്ടെയിൻമെന്റ് സോണായിരുന്നു. സാഫല്യം ഷോപ്പിങ് കോംപ്ലക്‌സിലെ ജീവനക്കാരന് കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇതിനു പുറമെ ഓൺലൈൻ ഭക്ഷണ വിതരണക്കാരനും മെഡിക്കൽ റെപ്പിനും രോഗം സ്ഥിരീകരിച്ചത് വലിയ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ക്വാറന്റീനിലുള്ളവർക്ക് ഭക്ഷണ വിതരണം നൽകുന്നതിനിടെയാവാം രോഗബാധിതനായതെന്നാണ് അധികൃതരുടെ നിഗമനം.

സമ്പർക്കത്തിലൂടെയുള്ള രോഗങ്ങൾ കൂടുന്നു എന്നതാണ് തലസ്ഥാനത്തെ നിലവിലെ ഏറ്റവും വലിയ ആശങ്ക.കഴിഞ്ഞ ദിവസം 16 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ നാല് പേർക്ക് സമ്പർക്കത്തിലൂടെയായായിരുന്നു രോഗം വന്നത്. ഇവരുടെ രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സമ്പർക്ക രോഗബാധ തുടർന്നാൽ നഗരം ഭാഗികമായി അടച്ചിടാനാണ് ആലോചന.

അതിനിടെ വർക്കലയിൽ നിരീക്ഷണത്തിൽ കഴിഞ്ഞ രണ്ട് പ്രതികൾ ചാടിപ്പോയതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ക്വാറന്റീനിൽ നിന്നാണ് പ്രതികൾ ചാടിപ്പോയത്. രാത്രി കാല പരിശോധനയ്ക്ക് നഗരസഭ പ്രത്യേക സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്.

Top