കോവിഡ്; വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ മാക്‌സ് വെന്റിലേറ്ററുമായി ചേര്‍ന്ന് എംജി മോട്ടോഴ്‌സ്‌

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വൈറസ് ബാധിതരായ ആളുകള്‍ക്കായി വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ എംജി മോട്ടോഴ്‌സ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ വഡോദര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാക്‌സ് വെന്റിലേറ്റര്‍ എന്ന കമ്പനിയുമായി ചേര്‍ന്ന് എംജി വെന്റിലേറ്റര്‍ നിര്‍മാണം ആരംഭിക്കുന്നു.

എംജിയും മാക്‌സുമായി ചേര്‍ന്ന് ആദ്യഘട്ടമായി പ്രതിമാസം 300 വെന്റിലേറ്ററുകളായിരിക്കും നിര്‍മിക്കുക. രണ്ടാം ഘട്ടത്തില്‍ ഇത് 1000 ആയി ഉയര്‍ത്താനാണ് ഇരു കമ്പനികളുടെയും ലക്ഷ്യം. ആശുപത്രികളുമായും ആരോഗ്യ മന്ത്രാലയവുമായും ബന്ധപ്പെട്ട ശേഷം ആവശ്യം പരിഗണിച്ചും പിന്നീട് വെന്റിലേറ്റര്‍ നിര്‍മാണം ഉയര്‍ത്തുകയെന്നാണ് ഇരുകമ്പനികളും അറിയിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ രോഗികളുടെ ആരോഗ്യം സംരക്ഷിക്കുന്നത് വെന്റിലേറ്ററുകള്‍ അനിവാര്യമാണ്. അതുകൊണ്ടുതന്നെയാണ് ഈ ഉപകരണം നിര്‍മിക്കാന്‍ എംജി തീരുമാനിച്ചിരിക്കുന്നത്.

എംജിയുടെ ഹാലോല്‍ പ്ലാന്റിലായിരിക്കും വെന്റിലേറ്ററുകള്‍ നിര്‍മിക്കുകയെന്നാണ് വിവരം. കുറഞ്ഞ ചിലവില്‍ നിര്‍മിക്കാന്‍ സാധിക്കുന്ന വെന്റിലേറ്റര്‍ ഡിസൈന്‍ ഒരുക്കുന്ന യുവാക്കള്‍ക്ക് എംജി മോട്ടോഴ്‌സ് സമ്മാനം പ്രഖ്യാപിച്ചിരുന്നു.

അതേസമയം, വെന്റിലേറ്റര്‍ നിര്‍മാണത്തിന് പുറമെ, കൊറോണ പ്രതിരോധത്തിനായി നിരവധി നടപടികളാണ് എംജി മോട്ടോഴ്‌സ് സ്വീകരിച്ചിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസ് സേനയ്ക്കുമായി എംജിയുടെ 100 ഹെക്ടര്‍ എസ്യുവികള്‍ വിട്ടുനല്‍കിയിരുന്നു. ഇതിനാവശ്യമായ ഇന്ധനവും ഡ്രൈവര്‍മാരേയും എംജി നല്‍കുമെന്നും അറിയിച്ചു.

മാത്രമല്ല ഇതിനൊപ്പം, ആരോഗ്യപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമാക്കുന്നതിനായി രണ്ടുകോടി രൂപയുടെ ധനസഹായം എംജി മോട്ടോഴ്‌സ് പ്രഖ്യാപിച്ചിരുന്നു. ലോക്ക്ഡൗണിന് ശേഷം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയ പൊലീസ് വാഹനങ്ങള്‍ എംജിയുടെ സര്‍വ്വീസ് സെന്ററിലെത്തിച്ച് സാനിറ്റൈസ് ചെയ്ത് നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Top