കോവിഡ് 19; വാഹനങ്ങളിലെ സുരക്ഷ ഉറപ്പാക്കാനുള്ള സംവിധാനങ്ങളുമായി മാരുതി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാമൂഹിക അകലം പാലിക്കലും വ്യക്തിശുചിത്വം ഉറപ്പാക്കുന്നതിനുമെല്ലാം കര്‍ശന നിര്‍ദേശമാണ് ആരോഗ്യ പ്രവര്‍ത്തകരും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമെല്ലാം നല്‍കിയിട്ടുള്ളത്.

പൊതുഗതാഗത സംവിധാനങ്ങളിലും സ്വന്തം വാഹനങ്ങളിലും പാലിക്കേണ്ട മുന്‍കരുതലുകളും ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വാഹനത്തിനുള്ളിലെ സുരക്ഷ ഉറപ്പാക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയാണ് മാരുതി.

കോവിഡ് പ്രതിരോധത്തിനുള്ള ഉപകരണങ്ങള്‍ മാരുതിയുടെ ജനുവിന് പാര്‍ട്‌സിലൂടെ വില്‍പ്പനയ്‌ക്കെത്തുകയാണ്. വാഹനത്തിനുള്ളിലെ സാമൂഹിക അകലം ഉറപ്പാക്കുന്നതിനുള്ള കാര്‍ പാര്‍ട്ടീഷന്‍, ഫെയ്‌സ് വൈസര്‍, ഡിസ്‌പോസിബിള്‍ ഐ ഗിയര്‍, മാസ്‌ക്, ഹാന്‍ഡ് ഗ്ലൗസ്, ഡിസ്‌പോസിബിള്‍ ഷൂ കവര്‍, തുടങ്ങിയവയാണ് മാരുതി ആക്‌സസറികളില്‍ ഉള്‍പ്പെടുത്തി വില്‍പ്പനയ്‌ക്കെത്തിക്കുന്നത്.

മാരുതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ ജെനുവിന് ആക്‌സസറി വിഭാഗത്തിലാണ് ഈ സുരക്ഷ ഉത്പന്നങ്ങള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഹെല്‍ത്ത് ആന്‍ഡ് ഹൈജീന്‍ എന്ന പുതിയ സെക്ഷനും ഇതിനായി ഒരുക്കിയിട്ടുണ്ട്. മാരുതിയുടെ എല്ലാ മോഡലുകള്‍ക്കുമുള്ള പാര്‍ട്ടീഷന്‍ ഇതില്‍ നല്‍കിയിട്ടുണ്ട്. 549 രൂപ മുതലാണ് പാര്‍ട്ടിഷന്റെ വില ആരംഭിക്കുന്നത്. ഈ സുരക്ഷ ഉപകരണങ്ങള്‍ മാരുതിയുടെ ആക്‌സസറി ഷോറൂമുകളില്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം.

കോവിഡ് ലോക്ക്ഡൗണിലെ അടച്ചിടലിന് ശേഷം കഴിഞ്ഞ ദിവസമാണ് മാരുതിയുടെ ഡീലര്‍ഷിപ്പുകളും സര്‍വ്വീസ് സ്റ്റേഷനുകളും തുറന്നത്. ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തില്‍ പ്രഖ്യാപിച്ച ഇളവുകളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ 280 നഗരങ്ങളിലായി 570 ഔട്ട്‌ലെറ്റുകളാണ് മാരുതി തുറന്നിട്ടുള്ളത്. ലോക്ക്ഡൗണ്‍ മേയ് 31 വരെ നീണ്ടത് കണക്കിലെടുത്ത് മാരുതിയുടെ വാഹനങ്ങളുടെ സൗജന്യ സര്‍വീസും വാറണ്ടിയും ജൂണ്‍ 30 വരെ നീട്ടിനല്‍കിയിട്ടുണ്ട്. മാര്‍ച്ച് 15 മുതല്‍ മേയ് 31 വരെയുള്ള കാലയളവില്‍ വാറണ്ടി അവസാനിക്കേണ്ടിയിരുന്ന വാഹനങ്ങളുടെ വാറണ്ടിയാണ് ജൂണ്‍ 30 വരെ നീട്ടിയിട്ടുള്ളത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സുരക്ഷ മാനദണ്ഡങ്ങള്‍ക്കും പ്രദേശിക ഭരണകൂടത്തിന്റെ നിര്‍ദേശങ്ങളുമനുസരിച്ചാണ് ഇവയുടെ പ്രവര്‍ത്തനം.

Top