കോവിഡ് പ്രതിരോധം; 20 ദിവസത്തിനുള്ളില്‍ 1500 വെന്റിലേറ്ററുകള്‍ നിര്‍മിച്ച്‌‌ മാരുതി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തുടക്കം മുതല്‍ തന്നെ ഇന്ത്യയിലെ വാഹന നിര്‍മാതാക്കള്‍ ശക്തമായ പിന്തുണ അറിയിക്കുന്നുണ്ട്. ഇപ്പോഴിതാ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ആഭ്യന്തര വാഹനനിര്‍മാതാക്കളായ മാരുതി 20 ദിവസത്തിനുള്ളില്‍ 1500 വെന്റിലേറ്ററുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട്.

വൈറസ് ബാധിതരുടെ എണ്ണം ഉയര്‍ന്നതോടെ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലെ വാഹനനിര്‍മാതാക്കളോട് വെന്റിലേറ്റര്‍ നിര്‍മിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് മാരുതി നിര്‍മാണം ആരംഭിച്ചത്.

1500 വെന്റിലേറ്ററുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ടെങ്കിലും ഇത് ആശുപത്രികള്‍ക്കോ മറ്റ് ആരോഗ്യ സ്ഥാപനങ്ങള്‍ക്കോ കൈമാറാന്‍ സര്‍ക്കാര്‍ ഉത്തരവായിട്ടില്ലെന്ന് മാരുതി ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവ പറഞ്ഞു.

രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ സഹായിക്കുകയെന്നത് ഉത്തരവാദിത്വമായാണ് കമ്പനി കാണുന്നതെന്നും ആര്‍.സി ഭാര്‍ഗവ കൂട്ടിച്ചേര്‍ത്തു.

വെന്റിലേറ്റര്‍ നിര്‍മാണത്തിന് പുറമെ, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി നടപടികളാണ് മാരുതി സ്വീകരിച്ചിരിക്കുന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്നുള്ള ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനായി ഹരിയാനയിലും അനുബന്ധ പ്രദേശങ്ങളിലും റേഷന്‍ വിതരണവും ഭക്ഷണപൊതി വിതരണവും മാരുതിയുടെ നേതൃത്വത്തില്‍ നടത്തിയിരുന്നു.

Top