ലോക്ക്ഡൗണ്‍; സൗജന്യ സര്‍വ്വീസും വാറണ്ടിയും ജൂണ്‍ 30 വരെ നീട്ടി മാരുതി സുസുക്കി

കോവിഡ് വ്യാപനവും ലോക്ക്ഡൗണും കാരണം വാഹനങ്ങളുടെ സൗജന്യ സര്‍വ്വീസും വാറണ്ടിയും ജൂണ്‍ 30 വരെ നീട്ടി നല്‍കി ഇന്ത്യയിലെ ഏറ്റവും വലിയ വാഹനനിര്‍മാതാക്കളായ മാരുതി സുസുക്കി.

മാര്‍ച്ച് 15 മുതല്‍ മേയ് 31 വരെയുള്ള കാലയളവില്‍ വാറണ്ടി അവസാനിക്കേണ്ടിയിരുന്ന വാഹനങ്ങളുടെ വാറണ്ടിയാണ് ജൂണ്‍ 30 വരെ നീട്ടിയിട്ടുള്ളത്. ഈ സമയത്ത് എക്‌സ്റ്റെന്റഡ് വാറണ്ടിയും പുതുക്കാം. ഈ രണ്ടര മാസത്തില്‍ സൗജന്യ സര്‍വ്വീസ് നഷ്ടപ്പെട്ടവര്‍ക്ക് ലോക്ക്ഡൗണിന് ശേഷം ജൂണ്‍ 30 വരെ സര്‍വ്വീസ് ലഭ്യമാക്കുമെന്നും മാരുതി അറിയിച്ചു.

ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തില്‍ പ്രഖ്യാപിച്ച ഇളവുകളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ 280 നഗരങ്ങളിലായി 570 ഔട്ട്‌ലെറ്റുകളാണ് മാരുതി തുറന്നിട്ടുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സുരക്ഷ മാനദണ്ഡങ്ങള്‍ക്കും പ്രദേശിക ഭരണകൂടത്തിന്റെ നിര്‍ദേശങ്ങളുമനുസരിച്ചാണ് ഈ ഷോറൂമുകളുടെയും സര്‍വ്വീസ് സെന്ററുകളുടെയും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

അതേസമയം, ലോക്ക്ഡൗണ്‍ കാലത്ത് ഡീലര്‍മാര്‍ക്കും മികച്ച പിന്തുണയാണ് മാരുതി നല്‍കുന്നത്. ഡീലര്‍ഷിപ്പുകളിലെ ചെലവുകള്‍ക്കായി ആദ്യഘട്ടം 900 കോടി രൂപയാണ് മാരുതി നല്‍കിയത്. ടൊയോട്ട ഉള്‍പ്പെടെ രാജ്യത്തെ മിക്ക വാഹനനിര്‍മാതാക്കളും ഡീലര്‍ഷിപ്പുകള്‍ക്ക് കോവിഡ് പാക്കേജ് എന്ന പേരില്‍ ധനസഹായം നല്‍കിയിട്ടുണ്ട്.

Top