കര്‍ണാടക അതിര്‍ത്തി തുറക്കാന്‍ ധാരണ; പ്രോട്ടോക്കോള്‍ തയ്യാറാക്കിയെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് അടച്ച കേരള കര്‍ണാടക അതിര്‍ത്തി തുറക്കാന്‍ ധാരണയായെന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. അടിയന്തര ചികിത്സ വേണ്ടവര്‍ക്കു കേരളത്തില്‍നിന്നു കര്‍ണാടകയിലെ ആശുപത്രികളിലേക്കു പോകുന്നതിനും അവശ്യ വസ്തുക്കള്‍ കൊണ്ടുപോകുന്നതിനും തടസ്സമില്ലെന്നും പ്രോട്ടോക്കോള്‍ തയാറാക്കിയിട്ടുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ബഞ്ചാണ് കേസ് പരിഹരിച്ചത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും കേരളത്തിലെയും കര്‍ണാടകയിലെയും ചീഫ് സെക്രട്ടറിമാരും വിഷയത്തില്‍ ചര്‍ച്ച നടത്തി ധാരണയില്‍ എത്തിയെന്നാണു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയെ അറിയിച്ചത്.വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് തുഷാര്‍മേത്ത സുപ്രീം കോടതിയില്‍ ഹാജരായത്.

വിഷയത്തില്‍ ഇടപെടാന്‍ കഴിഞ്ഞദിവസം കേന്ദ്ര ആരോഗ്യ സെക്രട്ടറിക്കു സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നായിരുന്നു ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ ചര്‍ച്ച നടത്തിയത്.

കോവിഡ് ബാധയില്ലാത്ത മറ്റ് അസുഖബാധിതരെ അതിര്‍ത്തി കടത്തിവിടാമെന്നു കര്‍ണാടക അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.

Top