കൊവിഡ് വ്യാപനം രൂക്ഷം; ലോക്ക് ഡൗൺ നീട്ടി ഫിലിപ്പീൻസ്

മനില: ഫിലിപ്പീൻസിൽ കൊവിഡ് രോഗവ്യാപനത്തിൽ കുറവില്ലാത്തതിനാൽ സർക്കാർ ലോക്ക് ഡൗൺ നീട്ടി. ഒരാഴ്ചത്തേക്ക് പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണാണ് ഒരാഴ്ച കൂടി നീട്ടിയത്. കൊവിഡ് കേസുകൾ വ്യാപകമായി വർധിക്കുകയും ആശുപത്രികൾ നിറയാനും തുടങ്ങിയതോടെയാണ് സർക്കാർ രാജ്യവ്യാപക ലോക്ക് ഡൗൺ നീട്ടിയത്. പ്രതിദിന കൊവിഡ് കേസുകൾ പതിനായിരം കടന്നതോടെയാണ് പ്രസിഡന്‍റ് റോഡ്രിഗോ ദുതെർത് കർശന നിയന്ത്രണം പ്രഖ്യാപിച്ചത്. ഈസ്റ്റർ ആഘോഷങ്ങളൊന്നും രാജ്യത്ത് നടന്നിരുന്നില്ല. കൂടിച്ചേരലുകൾ ഒഴിവാക്കി ഓൺലൈനിലൂടെയായിരുന്നു മറ്റു ചടങ്ങുകൾ നടന്നത്.

ഫിലിപ്പീന്‍റെ തലസ്ഥാന നഗരിയായ മനിലയിൽ സർക്കാർ നിയന്ത്രണത്തിലുള്ള ഏറ്റവും വലിയ ആശുപത്രി, ഇനി കൊവിഡ് രോഗികളെ സ്വീകരിക്കാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു. കൊവിഡ് വാർഡ് നിറയുകയും അത്യാഹിത വിഭാഗത്തിൽ ഉൾക്കൊള്ളാവുന്ന ആളുകളുടെ ഇരട്ടിപ്പേരെ പ്രവേശിപ്പിക്കുകയും ചെയ്തതോടെയായിരുന്നു ഇത്.

കിടക്കകളുടെ എണ്ണം ഉയർത്തുമെന്ന് മറ്റ് ആശുപത്രികൾ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ആരോഗ്യപ്രവർത്തകരുടെ കുറവാണ് പ്രധാന വെല്ലുവിളിയെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യപ്രവർത്തകരും കൊവിഡ് ബാധിതരാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ സർക്കാറിന് വീഴ്ച പറ്റിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. 7,95,000 പേർക്ക് രാജ്യത്ത് കൊവിഡ്-19 സ്ഥിരീകരിച്ചത്. മഹാമാരിയെത്തുടർന്ന് ജീവൻ നഷ്ടമായവരുടെ എണ്ണം 13,425 ആണ്.

 

Top