പാലായനത്തിനിടെ അപകടം തുടര്‍ക്കഥയാകുന്നു; മൂന്ന് അപകടങ്ങളില്‍ ഇന്ന് മരിച്ചത് 16 പേര്‍

മഹോബ (യു.പി.): ലോക്ഡൗണില്‍ കുടിയേറ്റ തൊഴിലാളികളുടെ സ്വദേശങ്ങളിലേയ്ക്കുള്ള പലായനത്തിനിടെ അപകടമരണങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലായുണ്ടായ വ്യത്യസ്ത അപകടങ്ങളില്‍ 16 പേരാണ് മരിച്ചത്.നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ബിഹാറില്‍ തൊഴിലാളികള്‍ സഞ്ചരിച്ച ട്രക്കും ബസും കൂട്ടിയിടിച്ച് 9 പേരാണ് മരിച്ചത്. മഹാരാഷ്ട്രയിലെ അപകടത്തില്‍ നാല് തൊഴിലാളികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഉത്തര്‍പ്രദേശിലെ മിസാപുര്‍ ഹൈവേയിലുണ്ടായ അപകടത്തില്‍ ലോറി മറിഞ്ഞ് മൂന്ന് പേരാണ് മരിച്ചത്. മരിച്ച മൂന്ന് പേരും സ്ത്രീകളാണ്.

ബിഹാറിലെ ഭഗല്‍പുരിനടുത്ത നൗഗാച്ചിയയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി തൊഴിലാളികള്‍ക്ക് പരിക്കുമേറ്റിട്ടുണ്ട്. ട്രക്കും ബസ്സും ഇടിച്ചതിന്റെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. പുലര്‍ച്ചെയാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

മഹാരാഷ്ട്രയിലെ യവാത്മലില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ബസ് ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. സോലാപുരില്‍നിന്ന് ഝാര്‍ഖണ്ഡിലേയ്ക്ക് പോകുകയായിരുന്ന തൊഴിലാളികളാണ് ബസിലുണ്ടായിരുന്നത്. 22 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചരക്ക് കൊണ്ടുപോയ ട്രക്കുമായാണ് ബസ്സ് കൂട്ടിയിടിച്ചത്.

ഉത്തര്‍പ്രദേശിലെ മഹോബയില്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് ഡല്‍ഹിയില്‍നിന്ന് കിഴക്കന്‍ ഉത്തര്‍പ്രദേശിലേയ്ക്ക് മടങ്ങുകയായിരുന്ന തൊഴിലാളികളുമായി പോകുകയായിരുന്ന ട്രക്ക് മറിഞ്ഞാണ് മൂന്ന് സ്ത്രീകള്‍ മരിച്ചത്.12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഝാന്‍സി-മിര്‍സാപുര്‍ ഹൈവേയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന ട്രക്കിന്റെ ടയര്‍ പൊട്ടുകയും നിയന്ത്രണംവിട്ട് മറിയുകയുമായിരുന്നു. ഡല്‍ഹിയില്‍നിന്ന് 17 അംഗ സംഘമാണ് ഉത്തര്‍പ്രദേശിലേയ്ക്ക് കാല്‍നടയായി യാത്ര ആരംഭിച്ചത്. യാത്രയ്ക്കിടെയാണ് ഇവര്‍ ട്രക്കില്‍ കയറിയത്.

Top