വീണ്ടും സാലറി ചലഞ്ചുമായി സംസ്ഥാന സര്‍ക്കാര്‍; പിന്തുണച്ച് പ്രതിപക്ഷ നേതാവും

തിരുവനന്തപുരം: പ്രളയ കാലത്തേതിന് സമാനമായി വീണ്ടും സാലറി ചലഞ്ചുമായി സംസ്ഥാന സര്‍ക്കാര്‍. സർക്കാർ ജീവനക്കാർ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. തിരുവനന്തപുരത്ത് രാവിലെ സര്‍വീസ് സംഘടനകളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സാലറി ചലഞ്ചിന്റെ കാര്യം മുന്നോട്ട് വെച്ചത്. സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാര്‍ സാലറി ചാലഞ്ചുമായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍, സര്‍ക്കാരിനുള്ള എല്ലാ സാമ്പത്തിക സ്രോതസ്സുകളും അടഞ്ഞ സാഹചര്യത്തിലാണ് വീണ്ടും സാലറി ചാലഞ്ചുമായി സംസ്ഥാനസര്‍ക്കാര്‍ രംഗത്ത് വരുന്നത്.

നേരത്തേ പ്രളയകാലത്തിന് ശേഷം സാലറി ചാലഞ്ചിനെ ശക്തമായി എതിര്‍ത്ത പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നാല്‍ ഇപ്പോള്‍ സാലറി ചാലഞ്ചുമായി സഹകരിക്കാമെന്ന നിലപാടിലാണ്. എന്നാല്‍ ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായും നല്‍കണമെന്ന നിബന്ധന ഒഴിവാക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ നിർദ്ദേശത്തോടെ പൊതുവേ സർവീസ് സംഘടനകൾ അനുകൂല നിലപാടാണ് സ്വീകരിച്ചത്. അതേസമയം, ഇത് നിർബന്ധിത പിരിവിലേക്ക് മാറരുത് എന്ന് പ്രതിപക്ഷ സർവീസ് സംഘടനകൾ ആവശ്യപ്പെട്ടു. താഴെ തട്ടിലുള്ള ജീവനക്കാരെ ഇതിൽ നിന്ന് ഒഴിവാക്കണമെന്നും പ്രതിപക്ഷ എൻജിഒ അസോസിയേഷൻ ആവശ്യപ്പെട്ടു.

കമ്മിറ്റികളില്‍ കൂടിയാലോചിച്ച ശേഷം തീരുമാനം എത്രയും പെട്ടെന്ന് മുഖ്യമന്ത്രിയെ അറിയിക്കാമെന്നാണ് സർവീസ് സംഘടനകളുടെ നിലപാട്. അതേസമയം പുതിയ സാലറി ചാലഞ്ചുമായും സഹകരിക്കുമെന്ന് എന്‍ജിഒ യൂണിയന്‍ യോഗത്തില്‍ത്തന്നെ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.

Top