നാട്ടില്‍ പോകണം; കൊല്ലത്ത് അതിഥി തൊഴിലാളികളുടെ പ്രതിഷേധം

കൊല്ലം: നാട്ടില്‍ പോകാന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലത്ത് അതിഥി തൊഴിലാളികളുടെ പ്രതിഷേധം. നീണ്ടകര ചെട്ടികുളങ്ങര കേന്ദ്രീകരിച്ച് ബോട്ടുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് പ്രതിഷേധവുമായി എത്തിയത്. ഇവര്‍ക്ക് നേരെ പോലീസ് ലാത്തിവീശി.

ലോക്ക്ഡൗണിനെ തുടര്‍ന്ന് നിലവില്‍ ഇവര്‍ക്ക് ജോലി ഇല്ലാത്ത സാഹചര്യമാണ്. എന്നാല് ഒന്പതാം തീയതിയോടെ ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതോടെ അടുത്തെങ്ങും ജോലികിട്ടാനുള്ള സാഹചര്യവുമില്ല. ഇതോടെയാണ് നാട്ടിലേക്ക് പോകാന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് തോപ്പില്‍ കടവ് ഭാഗത്ത് ഇവര്‍ പ്രതിഷേധവുമായി എത്തിയത്. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി.

നേരത്തെ പശ്ചിമ ബംഗാളിലേക്ക് ഒരു ട്രെയിന്‍ പോയിരുന്നു. എന്നാല്‍ ബാക്കിയുള്ളവര്‍ക്ക് പോകാന്‍ ട്രെയിന്‍ ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് ഇവര്‍ ആവശ്യവുമായി മുന്നോട്ട് വന്നത്. ആദ്യം കളക്ട്രേറ്റിന് മുന്നിലേക്ക് പ്രതിഷേധ സംഘം എത്തിയെങ്കിലും പൊലീസിനെ കണ്ട് പിരിഞ്ഞുപോയി. എന്നാല്‍ പിന്നീട് തോപ്പില്‍കടവ് ഭാഗത്ത് പ്രതിഷേധിക്കുകയായിരുന്നു.

Top