സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കണം; പ്രധാനമന്ത്രിയ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: കൊവിഡ്19 നിയന്ത്രണാധീതമായി പടരുന്ന സാഹചര്യത്തില്‍ കേരളം കനത്ത ജാഗ്രതയിലാണ്. 52 പോസ്റ്റീവ് കേസുകളാണ് ഇതുവരെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ രണ്ടാമത് നില്‍ക്കുന്നത് കേരളമാണ്. ഒന്നാമത് മഹാരാഷ്ട്രയും.ഇവിടെ 84കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കൊവിഡ് വ്യാപനം കുറയ്ക്കുന്നതിനായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കണമെന്ന ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.

കൊവിഡ് 19 പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് മെഡിക്കല്‍ ഉപകരണങ്ങള്‍, സാനിറ്റൈസര്‍ അടക്കമുള്ള സാമഗ്രികള്‍ ഉത്പാദിപ്പിക്കുന്നതിന് അനുമതി നല്‍കുന്നതിനുള്ള അധികാരം താല്‍ക്കാലികമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

കൊവിഡ് വ്യാപനം തടയാന്‍ ഉപയോഗിക്കുന്ന മാസ്‌ക് ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വില നിശ്ചയിക്കുന്നതിനും ഉല്‍പാദനം നിയന്ത്രിക്കാനുമുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെടുന്നു

വൈറസ് പരിശോധനക്ക് കേരളത്തിലുള്ള കേന്ദ്ര സ്ഥാപനങ്ങളുടെയും കേന്ദ്രസഹായം ഉള്ള ഗവേഷണ ലാബുകളുടെയും സൗകര്യം ഉപയോഗിക്കാന്‍ സംസ്ഥാനത്തിന് അനുമതി നല്‍കണം. കൊവിഡ് പ്രതിരോധത്തിനും ഗവേഷണത്തിനും രോഗവ്യാപനം തടയാനുള്ള നടപടികള്‍ക്കും പൊതുമേഖലാ കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ട് ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

കൊവിഡ് പ്രതിരോധ നടപടികള്‍ക്ക് ഡ്രോണ്‍ ഉപയോഗിക്കാന്‍ സംസ്ഥാന പൊലീസിന് അനുമതി നല്‍കണം എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെടുന്നു.

Top