കൊവിഡ് ഭീഷണി; കേരള ഹൈക്കോടതി ഏപ്രില്‍ എട്ട് വരെ അടച്ചു

കൊച്ചി: കൊവിഡ് 19 വ്യാപനത്തിന്റെ സാഹചര്യത്തില്‍ കേരള ഹൈക്കോടതി അടച്ചു. ഏപ്രില്‍ എട്ടിന് കോടതിയുടെ മധ്യവേനല്‍ അവധി ആരംഭിക്കും. അന്നുവരെ കോടതി അടയ്ക്കാനാണ് തീരുമാനം.

ഹേബിയസ് കോര്‍പസ് അടക്കമുള്ള അടിയന്തര ഹര്‍ജികള്‍ മാത്രം പരിഗണിക്കാന്‍ ആഴ്ചയില്‍ രണ്ട് ദിവസം സിറ്റിംഗ് ഉണ്ടാകും. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ പരിഗണിക്കുക. രാവിലെ ജഡ്ജിമാരെല്ലാം ചേര്‍ന്നുള്ള ഫുള്‍കോര്‍ട്ട് യോഗത്തിലാണ് തീരുമാനമെടുത്തത്.

മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കഴിഞ്ഞദിവസം തന്നെ കോടതികളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന നിര്‍ദേശം നല്‍കിയിരുന്നു. അത്യാവശ്യമുള്ള ആളുകളും അഭിഭാഷകരും മാത്രമേ ഹാജരാകാവൂ എന്നായിരുന്നു നിര്‍ദേശം.

അതേസമയം, കൊവിഡ് ബാധിത ജില്ലകള്‍ അടച്ചിടുന്ന കാര്യത്തില്‍ തീരുമാനമെടക്കാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത മന്ത്രിമാരുടെ യോഗം തുടരുന്നു.

Top