കൊവിഡ് പ്രതിരോധം; സഹായവുമായി കേരള ക്രിക്കറ്റ് അസോസിയേഷനും

തിരുവനന്തപുരം: ആഗോളതലത്തില്‍ വ്യാപിച്ച് മൂപ്പതിനായിരത്തോളം പേരുടെ ജീവനെടുത്ത കൊറോണ വൈറസ് എന്ന മഹാമാരി നമ്മുടെ രാജ്യത്തെയും കാര്‍ന്നുതിന്നുകൊണ്ടിരിക്കുകയാണ്. ഇതിനെതിരായ പോരാട്ടത്തിലാണ് രാജ്യവും ഒരോ ഇന്ത്യക്കാരനും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പല മേഖലകളില്‍ നിന്നും സഹായഹസ്തവുമായി നിരവധി പേരാണ് രംഗത്ത് വരുന്നത്. കലാ-കായിക-ബിസിനസ്സ് രംഗത്തുള്ള പലരും ഇതിനകം തങ്ങളുടേതായ സംഭാവനകള്‍ നല്‍കി കഴിഞ്ഞു.

ഇപ്പോഴിതാ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബിസിസിഐ നല്‍കുന്ന ഫണ്ടിലേക്ക് കേരള ക്രിക്കറ്റ് അസോസിയേഷനും ഒരു തുക നല്‍കുകയാണ്. 50 ലക്ഷം രൂപയാണ് ഇവര്‍ നല്‍കുന്നത്.ബിസിസിഐ ജോയിന്റ് സെക്രട്ടറിയും കെസിഎ മുന്‍ പ്രസിഡണ്ടുമായ ജയേഷ് ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യം ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ കായിക സംഘടനകള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് ജയേഷ് ജോര്‍ജ് പറഞ്ഞു.

സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്ക് 50 ലക്ഷം വീതമാണ് കെഎസ്‌സിഎ കൈമാറുന്നത്.

കൊവിഡിനെ ചെറുക്കാനുള്ള ശ്രമങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 51 കോടിയുടെ ധസഹായം നല്‍കുമെന്ന് ശനിയാഴ്ച്ചയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും പ്രഖ്യാപിച്ചത്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരുകള്‍ക്ക് സാമ്പത്തിക സഹായമെത്തിക്കുന്ന അഞ്ചാമത്തെ ക്രിക്കറ്റ് അസോസിയേഷനാണ് കേരളം. കര്‍ണാടക, മുംബൈ, ബംഗാള്‍, സൌരഷ്ട്ര, കേരള ക്രിക്കറ്റ് അസോസിയേഷനുകളാണ് സഹായം പ്രഖ്യാപിച്ച മറ്റ് ക്രിക്കറ്റ് അസോസിയേഷനുകള്‍.

Top