ഇതാണ് മാതൃക, ഇങ്ങനെയാണ് ഈ അവസ്ഥയിൽ ചെയ്യേണ്ടത്

കോഴിക്കോട്: ചിലരുടേയെല്ലാം തിരുത്തരവാദിത്വപരമായ പ്രവൃത്തിയാണ് ഇപ്പോള്‍ കേരളത്തെയാകെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്. ഇറ്റലിയില്‍ നിന്നെത്തിയ മൂന്നംഗ കുടുംബം വിവരങ്ങള്‍ അധികൃതരെ അറിയിക്കാതിരുന്നതാണ് സ്ഥിതി ഇത്രയും വഷളാകാന്‍ കാരണം. എന്നാല്‍ ഇപ്പോഴിതാ തന്റെ പ്രവൃത്തിയിലൂടെ മാതൃകാപരമായ ഒരു സന്ദേശം സമൂഹത്തിന് നല്‍കിയിരിക്കുകയാണ് മലപ്പുറം തേഞ്ഞിപ്പലം സ്വദേശിനി രേഷ്മ അമ്മിണി.

ഇറ്റലിയില്‍ നിന്നെത്തിയ രേഷ്മ അമ്മിണി തന്റെ യാത്ര സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയും പരിശോധനക്ക് വിധേയയാവുകയും ചെയ്താണ് മാതൃകയായിരിക്കുന്നത്.
കൊറോണ ലക്ഷണങ്ങളില്ലാതിരുന്നിട്ടു കൂടിയും വീട്ടില്‍ സ്വയം ഐസൊലേഷനില്‍ കഴിയുകയാണ് രേഷ്മയിപ്പോള്‍.

ജനുവരി ആറിനാണ് രേഷ്മ അമ്മിണി ഡെന്‍മാര്‍ക്കില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറും പത്തനംതിട്ട സ്വദേശിയുമായ
ഭര്‍ത്താവ് അകുല്‍ പ്രസാദിനടുത്തേക്ക് പോകുന്നത്. അവിടെ നിന്ന് ഫെബ്രുവരി 21 ഇറ്റലിയിലെ മിലാനിലെത്തി. തൊട്ടടുത്ത ദിവസം വെനീസില്‍ നടക്കുന്ന ഫെസ്റ്റിവെല്ലില്‍ പങ്കെടുക്കുകയും അവിടത്തെ കാഴ്ചകള്‍ കണ്ട് രാത്രിയോടെ മിലാനിലെ ഹോട്ടല്‍ മുറിയില്‍ തിരിച്ചെത്തിയപ്പോഴാണ് ഇറ്റലിയില്‍ ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി അറിയുന്നത്.

തുടര്‍ന്ന് ഫെബ്രുവരി 24ന് രാവിലെ രേഷ്മ ഡെന്‍മാര്‍ക്കിലേയ്ക്ക് തിരിച്ചു. എന്നാല്‍ അവിടെ കൊറോണയുമായി ബന്ധപ്പെട്ട് യാതൊരു വിധത്തിലുള്ള പരിശോധനയും ഉണ്ടായിരുന്നില്ല. വിമാനത്തില്‍ പല തരം ആളുകള്‍ക്കൊപ്പം യാത്ര ചെയ്തതായതിനാല്‍ ആശങ്കയുണ്ടായിരുന്നു. അതിനാല്‍ സ്വന്തം താല്‍പര്യപ്രകാരം പരിശോധനക്ക് വിധേയയാവാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും രേഷ്മ പറഞ്ഞു.

ഡോക്ടറെ വിളിച്ച് ഇറ്റലിയില്‍ നിന്നുവന്നതാണെന്നും ആശങ്കയുണ്ടെന്നും അറിയിച്ചു. രണ്ടാഴ്ച വീട്ടിലിരിക്കാനും രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കണമെന്നും ഡോക്ടര്‍ പറഞ്ഞു. തുടര്‍ന്ന് ഡെന്‍മാര്‍ക്കിലെ വീട്ടില്‍ വിശ്രമിച്ചതിനു ശേഷം മാര്‍ച്ച് മൂന്നിന് ദോഹ വഴി കൊച്ചിയിലേക്ക് തിരിച്ചു. ദോഹയിലും കൊറോണയുമായി ബന്ധപ്പെട്ട പരിശോധനകള്‍ ഇല്ലായിരുന്നു.

മാര്‍ച്ച് നാലിന് പുലര്‍ച്ചെ രണ്ടരയോടെ ഖത്തര്‍ എയര്‍വേസിന്റെ 516 നമ്പര്‍ വിമാനത്തിലാണ് രേഷ്മ കൊച്ചിയില്‍ വന്നിറങ്ങിയത്. തുടര്‍ന്ന് താന്‍ ഇറ്റലിയില്‍ നിന്നുവന്നതാണെന്നും തന്നെ പരിശോധിക്കണമെന്നും വിമാനത്താവളത്തിലെ ആരോഗ്യപ്രവര്‍ത്തകരോട് രേഷ്മ ആവശ്യപ്പെടുകയായിരുന്നു. യാത്ര സംബന്ധിച്ച വിശദ വിവരങ്ങള്‍ അവര്‍ക്ക് നല്‍കുകയും ചെയ്തു.

എന്നാല്‍ പരിശോധനയില്‍ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന് അവിടെ നിന്ന് മാസ്‌ക് വാങ്ങി ധരിച്ചാണ് പുറത്തിറങ്ങിയത്. നാട്ടില്‍ നിന്ന് സഹോദരിയും വീട്ടുകാരും കാറുമായി എത്താമെന്ന് പറഞ്ഞിരുന്നുവെങ്കിലും രേഷ്മ അവരെ വിലക്കി. പിന്നീട് വിമാനത്താവളത്തിനു പുറത്തു നിന്ന് ടാക്‌സി വിളിച്ചാണ് വീട്ടിലേക്കു പോയത്.

ബന്ധുക്കളോടും സുഹൃത്തുക്കളോടുമെല്ലാം വീട്ടിലേക്ക് വരേണ്ടതില്ലെന്ന് അറിയിക്കുകയും ചെയ്തു. ദിശയിലേക്ക് വിളിച്ചെങ്കിലും കിട്ടിയില്ലെന്ന് രേഷ്മ പറയുന്നു. തുടര്‍ന്ന് ഹെല്‍ത്ത് സെന്റ്‌റില്‍ വിളിച്ചു വിവരം പറയുകയും ചെയ്തു.

ഇപ്പോഴും മുന്‍ കരുതലിനായി വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്നും രേഷ്മ അമ്മിണി. തേഞ്ഞിപ്പലംപറമ്പില്‍ പീടിക സ്വദേശിനിയായ രേഷ്മ കാലിക്കറ്റ് സര്‍വകലാശാലയില്‍ പി.എച്ച്.ഡി ചെയ്യുകയാണ്.

കൊറോണ സംഹാര താണ്ഡവമാടിയ ഇറാനില്‍ നിന്ന് എത്തിയിട്ടും സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാതെ പൊതു ഇടങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയ കുടുംബത്തിന്റെ പ്രവൃത്തി ഭീതി വിതയ്ക്കുമ്പോഴാണ് രേഷ്മ അമ്മിണി എന്ന യുവതിയുടെ ഈ മാതൃകാപരമായ പ്രവൃത്തി അഭിനന്ദപൂര്‍ണമാകുന്നത്.

Top