കോവിഡ് -19 മൂന്നാംഘട്ടത്തിലേയ്ക്ക് കടക്കാന്‍ 30ദിവസം; തടയിടാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: കോവിഡ് -19 പൊട്ടിപ്പുറപ്പെടുന്നതിന്റെ രണ്ടാം ഘട്ടത്തിലാണ് രാജ്യമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ. രോഗത്തിന്റെ മൂന്നാംഘട്ട വ്യാപനം തടയാനോ വൈകിപ്പിക്കാനോ ഉള്ള തീവ്രശ്രമത്തിലാണു കേന്ദ്രസര്‍ക്കാര്‍. മൂന്നാം ഘട്ട വ്യാപനം തടയാന്‍ 30 ദിവസമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ രോഗബാധയുള്ള രാജ്യങ്ങളിലേക്കു യാത്ര നടത്തിയവര്‍ക്കും രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കും മാത്രമാണ് രോഗം വ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ പ്രാദേശികമായി ഇതു വ്യാപിക്കുന്ന ഘട്ടമാണു വരാനിരിക്കുന്നത്. ഇതു തടയാനുള്ള തീവ്രശ്രമമാണു ഇപ്പോള്‍ നടക്കുന്നതെന്നും ഭാര്‍ഗവ അറിയിച്ചു.

നാലാം ഘട്ടത്തിലേക്കു കടന്നാല്‍ അതു പകര്‍ച്ചവ്യാധിയായി രൂപാന്തരപ്പെടും.ചൈനയും ഇറ്റലിയും കോവിഡ് -19 പൊട്ടിപ്പുറപ്പെടുന്നതിന്റെ ആറാം ഘട്ടത്തിലൂടെയാണു കടന്നു പോകുന്നതെന്നും ഭാര്‍ഗവ വ്യക്തമാക്കി.

Top