കൊവിഡ് വ്യാപനം; മറ്റ് ചികിത്സകള്‍ മുടങ്ങില്ലെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍

ദോഹ: രാജ്യത്ത് കൊവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചുവരികയും ഏഴ് ആശുപത്രികള്‍ കൊവിഡ് ചികില്‍സയ്ക്കു വേണ്ടി മാത്രമാക്കുകയും ചെയ്തിട്ടുണ്ടെങ്കിലും മറ്റ് അടിയന്തര ചികില്‍സകള്‍ക്ക് ഒരു മുടക്കവും വരാതിരിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഖത്തറിലെ പ്രധാന ആരോഗ്യ സേവന ദാതാക്കളായ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ഉറപ്പുനല്‍കി.

കൊവിഡ് വെല്ലുവിളികള്‍ക്കിടയിലും മറ്റ് ചികില്‍സകളുടെ തുടര്‍ച്ച ഉറപ്പുവരുത്താന്‍ തങ്ങള്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. മറ്റെല്ലാ ചികില്‍സകളും മുറപോലെ തുടരുന്നതിന് ആയിരക്കണക്കിന് ജീവനക്കാര്‍ അശ്രാന്ത പരിശ്രമത്തിലാണെന്നും അധികൃതര്‍ അറിയിച്ചു.

അപകടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റവരെ ചികില്‍സിക്കുന്ന എച്ച്എംസി ട്രോമ ആന്റ് എമര്‍ജന്‍സി വിഭാഗം സര്‍വസജ്ജമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പ്രതിവര്‍ഷം രണ്ടായിരത്തിലേറെ എമര്‍ജന്‍സി കേസുകളാണ് ഹമദ് ട്രോമാ സെന്റര്‍ എത്തുന്നത്. ഇവിടേക്ക് ആളുകളെ എത്തിക്കുന്നതിനുള്ള ആംബുലന്‍സ് സംവിധാനവും സര്‍വ സജ്ജമാണ്. പ്രസവം, ഡയാലിസിസ് തുടങ്ങിയവയും പതിവ് പോലെ നടക്കുന്നതിന് സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം ടെലിമെഡിസിന്‍ സംവിധാനം വഴി ഓണ്‍ലൈന്‍ വഴിയുള്ള കണ്‍സല്‍ട്ടേഷനും നടന്നുവരുന്നുണ്ട്.

Top