രോഗലക്ഷണം; ദുബായില്‍നിന്ന് കൊച്ചിയിലെത്തിയ അഞ്ചു പേര്‍ ആശുപത്രിയില്‍

കൊച്ചി: രോഗലക്ഷണത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി ദുബായില്‍നിന്ന് കൊച്ചിയിലെത്തിയ അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു പേരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലും രണ്ടു പേരെ പാലക്കാട് ജില്ലാ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

കോട്ടയം, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ളവരാണ് കളമശേരി മെഡിക്കല്‍ കോളേജിലുള്ളത്. പാലക്കാട് സ്വദേശികളെയാണ് അവരുടെ ജില്ലയിലെ ആശുപത്രിയിലേക്ക് എത്തിച്ചിരിക്കുന്നത്. ഇവരുടെ സാംപിളുകള്‍ കോവിഡ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ദുബായില്‍നിന്ന് എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പ്രത്യേക വിമാനത്തില്‍ 26 പേര്‍ ഗര്‍ഭിണികളും, 10 കുട്ടികളും 13 മുതിര്‍ന്ന പൗരന്മാരും ഉള്‍പ്പെടെ 178 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

92 പേരെ വിവിധ ജില്ലകളിലെ കോവിഡ് കെയര്‍ സെന്ററുകളിലേക്കും 81 പേരെ സ്വന്തം വീടുകളിലേക്കും നിരീക്ഷണത്തിനായി അയച്ചു.

Top