വാളയാറിലെ സമരനാടകം; അഞ്ച് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ക്വാറന്റീനില്‍ പോകണം

പാലക്കാട്: വാളയാറില്‍ പാസില്ലാതെ വരുന്നവരെ കടത്തിവടണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സമരം നടത്തിയ കോണ്‍ഗ്രസ് എം.എല്‍എമാരും എംപിമാരും ക്വാറന്റീനില്‍ പോകണമെന്ന് നിര്‍ദ്ദേശം.

വാളയാര്‍ വഴി എത്തിയ മലപ്പുറം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നിര്‍ദ്ദേശം. വി.കെ ശ്രീകണ്ഠന്‍, രമ്യാഹരിദാസ്, ടി.എന്‍ പ്രതാപന്‍ എന്നീ എംപിമാരും എം.എല്‍.എമാരായ ഷാഫി പറമ്പില്‍, അനില്‍ ഐക്കര എന്നിവരോടുമാണ് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.14 ദിവസം ക്വാറന്റെനില്‍ പോകാനാണ് മെഡിക്കല്‍ ബോര്‍ഡാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

കോവിഡ് സ്ഥിരീകരിച്ചയാളുമായി സമ്പര്‍ക്കമുണ്ടായിട്ടുണ്ടാകാനുള്ള സാധ്യതയുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. സംഭവ സ്ഥലത്തുണ്ടായിരുന്ന അഞ്ച് ഡിവൈഎസ്പിമാര്‍ കോയമ്പത്തൂര്‍ ആര്‍ഡിഒയും അടക്കം നാനൂറോളം പേരും ഇപ്പോള്‍ ക്വാറന്റീനിലാണ്. അമ്പത് മാധ്യമപ്രവര്‍ത്തകരും 100 പോലീസുകാരും ഇതില്‍ ഉള്‍പ്പെടും.

എന്നാല്‍ സാമൂഹിക അകലം പാലിച്ചാണ് തങ്ങള്‍ വാളയാര്‍ വഴി എത്തിയവരോട് സംസാരിച്ചതെന്നും സിപിഎമ്മിന്റെ രാഷ്ട്രീയ പക പോക്കലാണ് ഇതിന് പിന്നിലെന്നുമാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം.

അതേസമയം വി.കെ ശ്രീകണ്ഠനും ഷാഫി പറമ്പിലും തങ്ങള്‍ ക്വാറന്റീനില്‍ സ്വയമേധയാ പോകാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.മെയ് എട്ടിന് ചെന്നൈയില്‍നിന്ന് യാത്ര തിരിച്ച ഇയാള്‍, 9ന് രാവിലെയാണ് വാളയാര്‍ അതിര്‍ത്തിയിലെത്തിയത്. ഇദ്ദേഹം അടക്കം പത്തംഗസംഘം കേരള പാസില്ലാതെയാണ് വന്നിരുന്നത്. ഇവരെ ഉള്‍പ്പെടെ അതിര്‍ത്തി കടത്തിവിടണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ മെയ് 9ന് വാളയാറില്‍ സമരനാടകം നടത്തിയിരുന്നത്. അന്ന് വൈകിട്ടോടെ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിലും, വൈറസ് ബാധിതന്‍ പങ്കെടുത്തിരുന്നു.

Top