കൊവിഡിനിടയിലും ഏറ്റവും സന്തുഷ്ടരാജ്യമായി ഫിന്‍ലന്‍ഡ്; ഇന്ത്യയും പിന്നില്‍

മോസ്‌കോ: ലോകത്തെ ഏറ്റവും സന്തുഷ്ടമായ രാജ്യമെന്ന പദവി തുടര്‍ച്ചയായ നാലാം വര്‍ഷവും സ്വന്തമാക്കി ഫിന്‍ലന്‍ഡ്. ഐക്യരാഷ്ട്രസഭ പുറത്തിറക്കുന്ന വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ടിലാണ് ഫിന്‍ലന്‍ഡ് ഒന്നാം സ്ഥാനത്ത് ഇടംപിടിച്ചത്. കൊവിഡ് 19 മഹാമാരി മൂലം ലോകരാജ്യങ്ങളെല്ലാം സാമ്പത്തികമായും സാമൂഹ്യമായും പ്രതിസന്ധി നേരിട്ടപ്പോഴാണ് യൂറോപ്യന്‍ രാജ്യമായ ഫിന്‍ലന്‍ഡിന്റെ നേട്ടമെന്നത് ശ്രദ്ധേയമാണ്.

ആളുകളുടെ ജീവിതസുഖത്തെ കൊവിഡ്-19 മഹാമാരി എങ്ങനെയാണ് ബാധിച്ചതെന്ന് അറിയുകയായിരുന്നു റിപ്പോര്‍ട്ടിന്റെ ഉദ്ദേശം. സമൂഹത്തിലെ പരസ്പരവിശ്വാസവും സര്‍ക്കാരിലുള്ള ആത്മവിശ്വാസവുമാണ് കൊവിഡ് കാലത്ത് ജനങ്ങളുടെ സന്തോഷം നിലനിര്‍ത്തുന്നതെന്നാണ് സര്‍വേഫലം സൂചിപ്പിക്കുന്നത്.

അതേസമയം, വൃക്തിതലത്തില്‍ ആളുകളുടെ സന്തോഷത്തില്‍ വലിയ കുറവുണ്ടാക്കാന്‍ മഹാമാരിയ്ക്ക് കഴിഞ്ഞിട്ടില്ലെന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൊവിഡ് 19 സമൂഹത്തെ മൊത്തത്തില്‍ ബാധിക്കുന്ന ഭീഷണിയായി കണ്ടതിനാല്‍ ജനങ്ങളില്‍ ഐക്യവും സഹാനുഭൂതിയും വര്‍ധിച്ചെന്നും ഇതാണ് ഇതിനു കാരണമായതെന്നുമാണ് കരുതുന്നതെന്നും ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാലയിലെ പ്രൊഫസറും റിപ്പോര്‍ട്ടിന്റെ എഡിറ്റര്‍മാരില്‍ ഒരാളുമായ ജോണ്‍ ഹെലിവേല്‍ വ്യക്തമാക്കി.

ഐസ്ലന്‍ഡ്, ഡെന്‍മാര്‍ക്ക്, സ്വിറ്റ്‌സര്‌ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ് തുടങ്ങിയവയാണ് ഹാപ്പിനസ് ഇന്‍ഡക്‌സില്‍ മുന്നിലുള്ള മറ്റു രാജ്യങ്ങള്‍. എന്നാല്‍ ഈ രാജ്യങ്ങളെ അപേക്ഷിച്ച് ഫിന്‍ലന്‍ഡ് നൂറുകണക്കിന് പോയിന്റ് മുന്നിലാണെന്ന് സര്‍വേ ഫലം വ്യക്തമാക്കുന്നു.

2012 മുതലാണ് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ വേള്‍ഡ് ഹാപ്പിനസ് ഇന്‍ഡക്‌സ് തയ്യാറാക്കുന്നത്. വിവിധ രാജ്യങ്ങളിലെ ജനങ്ങളുടെ പ്രതിശീര്‍ഷ വരുമാനം, സാമൂഹ്യതലത്തില്‍ ലഭിക്കുന്ന പിന്തുണ, ആയുര്‍ദൈര്‍ഘ്യം, പൗരസ്വാതന്ത്ര്യം, തൊഴില്‍ സുരക്ഷ, അഴിമതി തുടങ്ങിയ വിവിധ ഘടകങ്ങളും വിവിധ സര്‍വേകളിലെ ഫലങ്ങളും അടിസ്ഥാനമാക്കിയാണ് ഹാപ്പിനസ് ഇന്‍ഡക്‌സ് തയ്യാറാക്കുന്നത്.

അതേസമയം, 149 രാജ്യങ്ങളിലെ കണക്കുകളില്‍ ഇന്ത്യയ്ക്ക് 139-ാം സ്ഥാനം മാത്രമാണുള്ളത്. ആഭ്യന്തര പ്രശ്‌നങ്ങളില്‍ മുങ്ങിയ യെമനും അഭ്ഗാനിസ്ഥാനും ആഫ്രിക്കയിലെ ഏതാനും ദരിദ്ര രാജ്യങ്ങളും മാത്രമാണ് ഇന്ത്യയ്ക്ക് പിന്നിലുള്ളത്. 84-ാം സ്ഥാനവുമായി ചൈനയാണ് ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ മുന്നില്‍. പാകിസ്ഥാന് 105-ാം സ്ഥാനമുണ്ട്. അതേസമയം, റഷ്യ 13 റാങ്ക് മെച്ചപ്പെടുത്തിയ റഷ്യയ്ക്ക് നിലവില്‍ 60-ാം റാങ്കാണുള്ളത്. മറ്റു രാജ്യങ്ങളിലെ കണക്കുകളില്‍ വലിയ വ്യത്യാസമില്ല.

 

Top